കേരളത്തിലെ ഇടതുപക്ഷ ഭരണകൂടം, പ്രത്യേകിച്ച് സി.പി.എം., പലപ്പോഴും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെയും നയങ്ങളെയും എതിര്‍ക്കുക എന്നത് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായി കാണാറുണ്ട്. എന്നാല്‍, ആദ്യഘട്ടത്തില്‍ കയ്യടി നേടാനെന്നോണം എതിര്‍ക്കുകയും പിന്നീ്ട് പഞ്ചപുച്ഛമടക്കി കീഴടങ്ങുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. കേന്ദ്രപദ്ധതികള്‍ക്ക് നേരെ ഇടതുപക്ഷം പ്രത്യയശാസ്ത്രപരമായ വലിയ വര്‍ത്തമാനങ്ങളും വാദങ്ങളും ഉയര്‍ത്തും. അതിനു ശേഷം രഹസ്യമായി ഇവയെ എല്ലാം സ്വീകരിക്കും. അതിനായി ഓരോ തൊടു ന്യായങ്ങളും കണ്ടെത്തും. ഇടതു സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി അവയെ സ്വീകരിക്കാന്‍ തയ്യാറാവുകയോ ചെയ്യുന്നത് ആശയപരമായ പാപ്പരത്വത്തിന്റേയും അവസരവാദത്തിന്റേയും പ്രത്യക്ഷ ഉദാഹരണങ്ങളാണ്. കേന്ദ്രസര്‍ക്കാരിന്റെ ‘പി.എം. ശ്രീ’ (PM-Schools for Rising India) പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ്.
വിദ്യാഭ്യാസ മേഖലയില്‍ വലിയ പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പി.എം. ശ്രീ. രാജ്യത്തെ 14,500-ലധികം സ്‌കൂളുകളെ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുകയും, സമഗ്രമായ വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) പ്രധാന ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ പദ്ധതിക്ക് വേണ്ടി 60% ഫണ്ട് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമ്പോള്‍, 40% സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം.
സാധാരണഗതിയില്‍, ദേശീയ വിദ്യാഭ്യാസ നയം (NEP) ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ നയങ്ങളെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടികളാണ് സി.പി.എമ്മും സി.പി.ഐയും. വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണം, കേന്ദ്രീകരണം, കോര്‍പ്പറേറ്റുവല്‍ക്കരണം തുടങ്ങിയ ആരോപണങ്ങള്‍ ഇവര്‍ പതിവായി ഉന്നയിക്കാറുണ്ട്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് കേരളം പലതവണ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍, പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആദ്യം കാണിച്ച ചൂടന്‍ പ്രതികരണം പിന്നീട് തണുക്കുന്ന കാഴ്ചയാണ് കണ്ടത്.
കേന്ദ്രത്തിന്റെ ആനുകൂല്യങ്ങള്‍ ഉപാധികള്‍ സ്വീകരിച്ചുകൊണ്ട് കേരളത്തില്‍ നടപ്പാക്കില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി അന്നു മൈക്കിനു മുന്നില്‍ കേരളത്തിലെ ജനതയോട് വിളിച്ചു പറഞ്ഞത്. ഇടതു സൈബര്‍ ലോകം കൈയ്യടിച്ചു. മാസ് വിളിച്ചു. നാലു മാസം കഴിഞ്ഞപ്പോള്‍ ശിവന്‍ കുട്ടി അതേവാക്കുകള്‍ വിഴുങ്ങി രംഗത്തെത്തി. പണ്ട് നിയമസഭയുടെ ഡെസ്‌കിനു മുകളില്‍ ബാലന്‍സു ചെയ്ത അതേ മെയ ്‌വഴക്കമാണ് ശിവന്‍കുട്ടി അതില്‍ കാട്ടിയത്. പദ്ധതിയുടെ ആനുകൂല്യങ്ങള്‍ വേണ്ടെന്ന് വെക്കുന്നത് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നഷ്ടമാണെന്ന് വാദിച്ചുകൊണ്ട് ചില സി.പി.എം. നേതാക്കളും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും രംഗത്തെത്തി. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കേരളത്തിന് ഒരു കേന്ദ്ര പദ്ധതിയുടെ 60% സാമ്പത്തിക സഹായം വേണ്ടെന്ന് വെക്കുന്നത് വിവേകമല്ലെന്ന നിലപാടാണ് പലരും സ്വീകരിച്ചത്. ഇതോടെ, കേന്ദ്ര പദ്ധതികളെ എതിര്‍ക്കുന്നതില്‍ സിദ്ധാന്തപരമായി ഉറച്ചുനില്‍ക്കേണ്ട സി.പി.എമ്മും സി.പി.ഐയും പ്രതിസന്ധിയെ നേരിടുകയാണ്
കേരളത്തിലെ ഭരണകക്ഷിയിലെ പ്രധാനിയായ സിപി.എം. പലപ്പോഴും പ്രായോഗിക രാഷ്ട്രീയത്തിന്റെ പേരില്‍ കേന്ദ്രത്തിലെ ബിജെപിയുമയി സന്ധിയില്‍ ഏര്‍പ്പെട്ട് നിലപാടുകളില്‍ അയവ് വരുത്തിയിട്ടുണ്ട്. പി.എം. ശ്രീയുടെ കാര്യത്തില്‍, സി.പി.എം. നയിക്കുന്ന സര്‍ക്കാര്‍ കേന്ദ്രഫണ്ട് വേണ്ടെന്ന് വെക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുമെന്നും, അത് സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്നതായി വ്യാഖ്യാനിക്കപ്പെടുമെന്നും ഇപ്പോള്‍ വിശദീകരിക്കുന്നു. ഇതു പക്ഷേ മുന്നണിയിലെ സിപിഐയെ പോലും ബോദ്ധ്യപ്പെടുത്താനായിട്ടില്ല. ‘ആശയപരമായ പാപ്പരത്വം’ എന്നാണിന്‍െ യഥാര്‍ത്ഥ വിമര്‍ശനം. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്നു എന്ന് വിളിച്ചു പറഞ്ഞ് അവരോട് സഹകരിക്കുന്നു. കേരളത്തില്‍ നടപ്പാക്കിയ ആരോഗ്യപദ്ധതികളിലും കാര്‍ഷിക വികസനപദ്ധതികളിലും , പാര്‍പ്പിട പദ്ധതികളിലും ജലവിതരണപദ്ധതിയിലുമൊക്കെ ഈ ഇരട്ടത്താപ്പു കണ്ടു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടത്തില്‍ പി.എം. ശ്രീ പദ്ധതിയുമായി സഹകരിക്കുന്നത് വരുംകാലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ വിദ്യാഭ്യാസ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ അവസരം നല്‍കുമെന്നത് വ്യക്തമാണ്. ഇത് ബിജെപിയും സിപിഎമ്മും രാഷ്ട്രീയമായ സന്ധിയില്‍ ഏര്‍പ്പെട്ടതിന്റെ തെളിവുകൂടിയാണ്