‘പൂവല്ല, തീയാണ്, തല കുനിക്കില്ല; അറസ്റ്റിന് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്’: പുഷ്പ സ്റ്റൈല്‍ പ്രതികരണവുമായി ജിഗ്നേഷ് മേവാനി

 

ന്യൂഡല്‍ഹി: തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസെന്ന് ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനി. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദിയുടെ നടപടി. മൂന്ന് കാര്യങ്ങളില്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നും അദ്ദേഹം കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എതിര്‍പ്പിന്‍റെ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് പൂവല്ല, തീയാണ് തലകുനിക്കില്ലെന്നും പുഷ്പ സ്റ്റൈലില്‍ ജിഗ്നേഷ് മേവാനി പറഞ്ഞു.

ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയായിരുന്നു ജിഗ്നേഷ് മേവാനിയുടെ വാര്‍ത്താസമ്മേളനം. അസം പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന അദ്ദേഹം ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരെ തുറന്ന പോര് പ്രഖ്യാപിച്ചത്. താന്‍ ഉന്നയിക്കുന്ന മൂന്ന് വിഷയങ്ങളില്‍ ഉടന്‍ തീരുമാനം എടുത്തില്ലെങ്കില്‍  ഗുജറാത്തില്‍ കോണ്‍ഗ്രസ് ബന്ദ് നടത്തുമെന്ന് ജിഗ്‌നേഷ് മേവാനി പറഞ്ഞു.

പാട്ടീദാര്‍ സമുദായത്തിനെതിരായ കേസുകള്‍ പിന്‍വലിച്ചതുപോലെ തന്‍റെ നിയമസഭാ മണ്ഡലമായ വട്ഗാമിലെ ന്യൂനപക്ഷത്തിന് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം, 22 ചോദ്യപേപ്പറുകള്‍ ചോര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിക്കണം, മുന്ദ്ര തുറമുഖത്തെ 1.75 ലക്ഷം കോടിയുടെ മയക്കുമരുന്ന് കടത്തില്‍ ഗൗതം അദാനിയുടെ പങ്ക് അന്വേഷിക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് മേവാനി മുന്നോട്ടുവെച്ചത്. ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ ജൂണ്‍ 1 ന് ഗുജറാത്തില്‍ കോണ്‍ഗ്രസ് ബന്ദ് നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Comments (0)
Add Comment