
മസ്‌കറ്റ്: ഒമാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ഒമാന്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് പുരസ്‌കാരം മോദിക്ക് കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും സൗഹൃദം ദൃഢമാക്കുന്നതിലും ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍ പരിഗണിച്ചാണ് ഈ ആദരം.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയതായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ചരിത്രപരമായ വേളയിലാണ് ഈ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. മസ്‌കറ്റിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ഒമാന്‍ ഭരണകൂടം നല്‍കിയത്.
പരമോന്നത ബഹുമതി സമ്മാനിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയും ഒമാന്‍ സുല്‍ത്താനും ചര്‍ച്ചകള്‍ നടത്തി. ഗള്‍ഫ് മേഖലയില്‍ ഇന്ത്യയുടെ ഏറ്റവും പഴയ സുഹൃദ് രാജ്യങ്ങളിലൊന്നായ ഒമാനുമായുള്ള ബന്ധം ഈ ആദരവിലൂടെ പുതിയ ഉയരങ്ങളിലെത്തിയിരിക്കുകയാണ്.