കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്പന്നനാണെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 15 മാസത്തിനിടെ 36.53 ലക്ഷം രൂപയുടെ വർദ്ധനവാണ് അദ്ദേഹത്തിന്‍റെ ആസ്തിയിൽ ഉണ്ടായതെന്ന് രേഖകള്‍ വ്യക്തമാക്കുന്നത്.
2020 ജൂൺ 30 വരെയുള്ള കണക്കെടുക്കുമ്പോള്‍ പ്രധാനമന്ത്രി മോദിയുടെ ആസ്തി 2.85 കോടി രൂപയാണ്. 2019 ൽ അദ്ദേഹം പ്രഖ്യാപിച്ച ആസ്തിയിൽ നിന്ന് ഏകദേശം 2.49 കോടി രൂപയുടെ വർദ്ധനവ്.
പ്രധാനമന്ത്രിയുടെ ആസ്തി കഴിഞ്ഞ വർഷങ്ങളിലും സമാനമായ വേഗതയിൽ തന്നെയാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷത്തെ വർധന പ്രധാനമായും അദ്ദേഹത്തിന്‍റെ ബാങ്ക് ബാലൻസിലാണ്, ഏകദേശം 3.3 ലക്ഷം രൂപ. കൂടാതെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ മൂല്യത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33 ലക്ഷം രൂപയോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
നരേന്ദ്രമോദിയുടെ സേവിംഗ്സ് അക്കൗണ്ടിൽ 3.38ലക്ഷം രൂപയാണ് ബാലൻസ് ഉളളത്. കഴിഞ്ഞവർഷം മാർച്ചിൽ ഇത് വെറും 4,143 രൂപ മാത്രമായിരുന്നു. എസ് ബി ഐ ഗാന്ധിനഗർ ശാഖയിലെ സ്ഥിരനിക്ഷേപം 1.60 കോടിയായി ഉയർന്നു. കഴിഞ്ഞവർഷം ഇത് 1.27 കോടി രൂപയായിരുന്നു. മോദിയുടെ കൈയിലുളളത് 31,450 രൂപ മാത്രമാണ്. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ 8,43,124 രൂപയും 1,50,957 രൂപയുടെ ഇൻഷ്വറൻസും ടാക്സ് സേവിംഗ് ഇൻഫ്രാ സ്ട്രക്ചർ ബോണ്ടിൽ 20,000 രൂപയുടെ നിക്ഷേപവും അദ്ദേഹത്തിനുണ്ട്. ഈ നിക്ഷേപങ്ങളിൽ നിന്നുളള പലിശയും ആസ്തിവർദ്ധനവിന് കാരണമായിട്ടുണ്ട്.
എന്നാൽ മോദിയുടെ വസ്തുവക ആസ്തിയിൽ മാറ്റമില്ല.1.10കോടി രൂപ വിലവരുന്ന ഗാന്ധിനഗറിലെ വീടും സ്ഥലവുമാണ് ആസ്തിവിവരക്കണക്കിൽ അദ്ദേഹം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കുടുംബാംഗങ്ങൾക്കും അവകാശമുണ്ട്. ഇതിനാെപ്പം നാല് സ്വർണമോതിരങ്ങളും അദ്ദേഹത്തിനുണ്ട്. ഇതിന് 1.5 ലക്ഷം രൂപയാണ് വില കണക്കാക്കുന്നത്. സ്വന്തമായി വാഹനങ്ങളോ ബാങ്ക് ലോണോ അദ്ദേഹത്തിന്‍റെ പേരിലില്ല.