പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെൻ അന്തരിച്ചു

Jaihind Webdesk
Friday, December 30, 2022

 

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 100 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്‍റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഗാന്ധിനഗറിലെ വസതിയിലെത്തി നരേന്ദ്ര മോദി അമ്മയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ചു.

1922 ജൂൺ 18ന് ഗുജറാത്തിലെ മെഹ്‌സാനയിലാണ് ഹീരാബെന്നിന്‍റെ ജനനം. ചായ വിൽപ്പനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ വിവാഹം കഴിച്ചു. ഇവരുടെ ആറു മക്കളിൽ മൂന്നാമനാണ് നരേന്ദ്ര മോദി. സോമ മോദിയാണ് മൂത്ത മകൻ. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി എന്നിവരാണ് മറ്റ് ആൺമക്കൾ. ഏക മകള്‍ വാസന്തിബെൻ. ഭർത്താവിന്‍റെ മരണത്തിന് മുമ്പ് വഡ്‌നഗറിലെ കുടുംബത്തിന്‍റെ തറവാട്ട് വീട്ടിലായിരുന്നു ഹീരാബെൻ മോദി താമസിച്ചിരുന്നത്. ഭർത്താവിന്‍റെ മരണത്തോടെ ഇളയമകനായ പങ്കജ് മോദിയുടെ വീട്ടിലേക്ക് മാറി.