ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ഇന്ന് ട്രാക്കിലേക്ക്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

Jaihind News Bureau
Saturday, January 17, 2026

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ ‘വന്ദേഭാരത് സ്ലീപ്പര്‍’ ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം പശ്ചിമ ബംഗാളിലെ മാല്‍ഡ ടൗണ്‍ സ്റ്റേഷനില്‍ വെച്ചാണ് നടക്കുന്നത്. ഇതോടൊപ്പം 3000 കോടിയിലധികം രൂപയുടെ റെയില്‍-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. അസം സന്ദര്‍ശനത്തിന് ശേഷം പശ്ചിമ ബംഗാളിലെത്തുന്ന പ്രധാനമന്ത്രി, ഒരു ഡസനിലധികം പുതിയ ട്രെയിന്‍ സര്‍വീസുകളും പശ്ചിമ ബംഗാളിനായി പ്രഖ്യാപിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

യാത്രക്കാര്‍ക്ക് രാജധാനി എക്‌സ്പ്രസിനേക്കാള്‍ വേഗതയും മികച്ച സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ വന്ദേഭാരത് സ്ലീപ്പര്‍. ഈ ട്രെയിനില്‍ ആര്‍.എ.സി (RAC), വെയ്റ്റിംഗ് ലിസ്റ്റ് സംവിധാനങ്ങള്‍ ഉണ്ടാകില്ലെന്ന നിര്‍ണ്ണായക തീരുമാനമാണ് റെയില്‍വേ ബോര്‍ഡ് കൈക്കൊണ്ടിരിക്കുന്നത്. സീറ്റുകള്‍ പങ്കിടുന്ന രീതി ഒഴിവാക്കി, ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കണ്‍ഫേംഡ് ടിക്കറ്റുകള്‍ മാത്രമേ നല്‍കുകയുള്ളൂ. ബര്‍ത്തുകള്‍ ലഭ്യമായില്ലെങ്കില്‍ ടിക്കറ്റുകള്‍ ഇഷ്യൂ ചെയ്യില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജധാനിയേക്കാള്‍ അല്പം ഉയര്‍ന്ന നിരക്കായിരിക്കും വന്ദേഭാരത് സ്ലീപ്പറിന് ഈടാക്കുക. കുറഞ്ഞത് 400 കിലോമീറ്റര്‍ ദൂരത്തിനുള്ള ചാര്‍ജ് അടിസ്ഥാനമാക്കിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 3 എസി വിഭാഗത്തിന് കിലോമീറ്ററിന് 2.4 രൂപയും, 2 എസിക്ക് 3.1 രൂപയും, ഫസ്റ്റ് ക്ലാസ് എസിക്ക് 3.8 രൂപയുമാണ് നിരക്ക്. ഇതിന് പുറമെ ജിഎസ്ടി പ്രത്യേകം നല്‍കേണ്ടി വരും.

യാത്രാസമയത്തില്‍ വന്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നതാണ് വന്ദേഭാരത് സ്ലീപ്പറിന്റെ മറ്റൊരു സവിശേഷത. ഗുവാഹത്തി – ഹൗറ യാത്രയില്‍ നിലവിലുള്ള എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് ഏകദേശം മൂന്ന് മണിക്കൂര്‍ ലാഭിക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുണ്ടെങ്കിലും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി നിലവില്‍ 130 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള അത്യാധുനിക ‘കവച്’ (Kavach) സാങ്കേതികവിദ്യയും ഈ ട്രെയിനില്‍ സജ്ജീകരിച്ചിട്ടുണ്ട്.

രാത്രിയാത്രകള്‍ക്കായി മാത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ ട്രെയിനില്‍ 16 അത്യാധുനിക കോച്ചുകളാണുള്ളത്. ഓട്ടോമാറ്റിക് വാതിലുകള്‍, ശബ്ദ മലിനീകരണം കുറഞ്ഞ കോച്ചുകള്‍, മികച്ച സസ്‌പെന്‍ഷന്‍ സംവിധാനം, ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത എര്‍ഗണോമിക് ബര്‍ത്തുകള്‍ എന്നിവ സുഖകരമായ യാത്ര ഉറപ്പാക്കുന്നു. പശ്ചിമ ബംഗാളിലെയും അസമിലെയും ഒന്‍പത് പ്രധാന സ്റ്റേഷനുകളിലാണ് നിലവില്‍ സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്.