ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ പേ ചർച്ചയ്ക്കെതിരെ വിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. ചർച്ചയുടെ പേരില്‍ വിദ്യാര്‍ത്ഥികളുടെ വിലപ്പെട്ട സമയമാണ് പ്രധാനമന്ത്രി പാഴാക്കുന്നതെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി. വരാനിരിക്കുന്ന ബോർഡ് പരീക്ഷകള്‍ക്ക് തയാറെടുക്കേണ്ട വിദ്യാർത്ഥികളെ വെറുതെവിടാന്‍ മോദി തയാറാകണമെന്നും കപില്‍ സിബല്‍ പറഞ്ഞു.
‘പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളെ ഒറ്റയ്ക്ക് വിടുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. കാരണം ഇത് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് പഠിക്കാനുള്ള സമയമാണ്. അവരുടെ വിലപ്പെട്ട സമയം അദ്ദേഹം പാഴാക്കരുത്’ – കപില്‍ സിബല്‍ പറഞ്ഞു.
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ചില ബി.ജെ.പി നേതാക്കൾ അവരുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താന്‍ വിമുഖത കാട്ടുന്നതിനെയും കപില്‍ സിബൽ പരിഹസിച്ചു.
‘ബിരുദത്തെപ്പറ്റിയുള്ള ചര്‍ച്ചയായിരുന്നു ആവശ്യം. ഏത് ബിരുദമാണ് അവര്‍ കരസ്ഥമാക്കിയതെന്ന് മറ്റുള്ളവര്‍ അറിയട്ടെ. അതാണ് അദ്ദേഹം ചെയ്യേണ്ട മന് കി ബാത്’ – പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ച് കപില്‍ സിബല്‍ പറഞ്ഞു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉൾപ്പെടെയുള്ള ഏതാനും ബി.ജെപി നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് വർഷങ്ങളായി ചോദ്യങ്ങൾ ഉയരുന്നുണ്ട്. പ്രധാനമന്ത്രിയുടെ ബിരുദവും നിരന്തരം ചോദ്യം ചെയ്യപ്പെടുകയും എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താത്തതും ചൂണ്ടിക്കാട്ടിയായിരുന്നു കപില്‍ സിബലിന്റെ പരിഹാസം.