ഡിസ്‌ലെക്‌സിയ രോഗികളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം

Jaihind Webdesk
Sunday, March 3, 2019

ഡിസ്‌ലെക്‌സിയ രോഗികളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ  അനവസരത്തിലെ പരിഹാസത്തിനെതിരെ  പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ആള്‍ക്ക് ചേരാത്ത പെരുമാറ്റം എന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം പടരുകയാണ്.

ഐ.ഐ.ടി ഖരഗ്പൂരില്‍ നടക്കുന്ന സ്മാര്‍ട് ഇന്ത്യ ഹാക്കത്തോണില്‍ വീഡിയോ കോണ്‍ഫറസിന്‍ലൂടെ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു മോദി ഡിസ്‌ലെക്‌സിയ രോഗികളെ അപമാനിച്ചത്.വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രിയോട് ഒരു വിദ്യാര്‍ഥി ഡിസ്‌ലെക്‌സിയ എന്ന രോഗാവസ്ഥയ്ക്ക് പരിഹാരമെന്ന രീതിയില്‍ ഒരു ആശയം വിശദീകരിക്കുകയായിരുന്നു.

“ഡിസ്‌ലെക്‌സിയ ഉള്ള കുട്ടിള്‍ക്ക് എഴുതാനും പഠിക്കാനുമുള്ള വേഗത കുറവായിരിക്കും, പക്ഷേ അവര്‍ ബുദ്ധിയിലും ക്രിയേറ്റിവിറ്റിയിലും വളരെ ഉയരെയാണ്… ”

വിദ്യാര്‍ഥിയുടെ വിശദീകരണത്തിനിടെ മോദി ഇടപെട്ടു. ‘നാല്‍പത്-അമ്പത് വയസുള്ള കുട്ടികള്‍ക്കും കണ്ടുപിടിത്തം കൊണ്ട് ഉപകാരമുണ്ടാവുമോ’ എന്നായിരുന്നു മോദിയുടെ അനവസരത്തിലെ ചോദ്യം. ചോദ്യത്തിന് പിന്നാലെ മോദി പൊട്ടിച്ചിരിക്കുകയും ചെയ്തു.

താന്‍ അവതരിപ്പിച്ച വിഷയത്തിന്‍റെ ഗൌരവം തെല്ലും മാനിക്കാതെയുള്ള പ്രധാനമന്ത്രിയുടെ വിചിത്രമായ പെരുമാറ്റം വിഷയം വിശദീകരിച്ച വിദ്യാര്‍ഥി ഉള്‍പ്പെടെ എല്ലാവരെയും അമ്പരപ്പിച്ചു.  വിദ്യാര്‍ഥി വിശദീകരണം തുടരാന്‍ ശ്രമിച്ചെങ്കിലും വീണ്ടും പ്രധാനമന്ത്രിയുടെ ഇടപെടുകയും ചിരി തുടരുകയുമായിരുന്നു. പ്രധാനമന്ത്രിയുടെ വിചിത്രപെരുമാറ്റം വിദ്യാര്‍ഥികളെയും ചിരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു.

ഡിസ്‌ലെക്‌സിയ രോഗികളെ അപമാനിച്ച പ്രധാനമന്ത്രിയുടെ പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മോദിയുടെ ക്രൂരമായ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി പ്രമുഖര്‍ രംഗത്തെത്തി.  സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു വിഭാഗത്തെ മുന്നിലേക്ക് കൊണ്ടുവരാനുള്ള മാര്‍ഗം ഒരു വിദ്യാര്‍ഥി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അവരെ പരിഹസിക്കുന്ന നിങ്ങള്‍ എന്ത് സന്ദേശമാണവര്‍ക്ക് നല്‍കുന്നതെന്നാണ് ഉയരുന്ന ചോദ്യം.

വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങള്‍ ഡിസ്‌ലെക്‌സിക് ആയിരുന്നു എന്നത് മറക്കരുതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ചിരിക്കാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ഥികളെ കുറ്റം പറയാനാവില്ലെന്നും, രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഇത്തരം തരംതാഴ്ന്ന ആളാകുമ്പോള്‍ അവര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലെന്നും വിമര്‍ശനം ഉയരുന്നു.[yop_poll id=2]