‘ചൈനീസ് അതിർത്തി പ്രശ്നത്തില്‍ പ്രധാനമന്ത്രി തുടർച്ചയായി നുണകള്‍ പറഞ്ഞ് രാജ്യത്തെ വഞ്ചിക്കുന്നു; രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ല’ : രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, July 11, 2020

 

ന്യൂഡല്‍ഹി : ചൈനയുമായുള്ള അതിർത്തി പ്രശ്നത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായു രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി  തുടർച്ചയായി നുണകള്‍ പറഞ്ഞ് രാജ്യത്തെ വഞ്ചിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യസുരക്ഷയേയും അതിർത്തിയെയും ദുർബലപ്പെടുത്തുന്ന ഒന്നിലും വിട്ടുവീഴ്ച ചെയ്യാന്‍ കോണ്‍ഗ്രസിനാവില്ലെന്നും കോണ്‍ഗ്രസ് എം.പിമാരുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഇന്ത്യ-ചൈന പ്രശ്‌നം ഒരു രാഷ്ട്രീയ വിഷയമല്ലെന്ന് പ്രധാനമന്ത്രി തുടര്‍ച്ചയായി നുണ പറയുകയാണ്. ഇന്ത്യയെ ദുര്‍ബലപ്പെടുത്തുന്ന എന്തെങ്കിലും കാര്യം കോണ്‍ഗ്രസിന് ചെയ്യാനാവില്ല. ഞങ്ങള്‍ക്ക് ഉറച്ച നിലപാടാണുള്ളത്. രാജ്യസുരക്ഷയെയും അതിര്‍ത്തിയെയും ദുര്‍ബലപ്പെടുത്താന്‍ പാടില്ല എന്ന നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ല’ –  രാഹുല്‍ ഗാന്ധി പറഞ്ഞു.

കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിന്‍റെ വീഴ്ചയെയും രാഹുല്‍ ഗാന്ധി വിമർശിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സഹായം ആവശ്യമുള്ളപ്പോള്‍ കേന്ദ്രം ഒടിയൊളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

ചൈനയുമായുള്ള അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ ഇത്രയധികം വഷളായിട്ടും പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും പുലര്‍ത്തുന്ന നിസംഗതക്കെതിരെ രാഹുല്‍ ഗാന്ധി നേരത്തെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ചൈന ഇന്ത്യന്‍ അതിർത്തിയില്‍ കടന്നുകയറിയപ്പോഴും അങ്ങനെ സംഭവിച്ചിട്ടില്ല എന്ന പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയത്. ചൈനീസ് കടന്നുകയറ്റമുണ്ടായി എന്നത് വ്യക്തമായപ്പോഴും കേന്ദ്രം പുലർത്തുന്ന നിസംഗതക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വലിയ വിമർശനമാണ് ഉയരുന്നത്.