പിഎം കെയേഴ്സ് ആര്‍ക്കുവേണ്ടി? 64% തുകയും ചെലവഴിച്ചില്ല; 2021 മാര്‍ച്ച് വരെ മാത്രം ലഭിച്ചത് 11,000 കോടി

Jaihind Webdesk
Tuesday, February 8, 2022

 

ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിലൂടെ സമാഹരിച്ച തുകയുടെ 64 ശതമാനവും ഉപയോഗിച്ചിട്ടില്ലെന്ന് കണക്കുകള്‍. കൊവിഡ് ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെ കൊവിഡ് മഹാമാരിയുടെ തുടക്കത്തില്‍ രൂപീകരിച്ച പിഎം കെയേഴ്സിലൂടെ കേവലം ഒരു വര്‍ഷം കൊണ്ട് സ്വരൂപിച്ചത് 11,000 കോടിയോളം രൂപയാണ്. എന്നാല്‍ ഇതില്‍ 3975 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് മഹാമാരിയില്‍ ജനം കടുത്ത ദുരിതത്തിലായപ്പോഴും കേന്ദ്രം ഈ ഫണ്ട് വേണ്ടവിധം  വിനിയോഗിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫണ്ട് വിനിയോഗത്തിലെ സുതാര്യതയില്ലായ്മ നേരത്തെ തന്നെ വിവാദങ്ങള്‍ക്കും കടുത്ത പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

പ്രധാനമന്ത്രി അധ്യക്ഷനും ആഭ്യന്തരമന്ത്രി, ധനമന്ത്രി, പ്രതിരോധമന്ത്രി എന്നിവർ സഹട്രസ്റ്റികളുമായി 2020 മാര്‍ച്ചിലാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിച്ചത്. ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യുക, ദുരിതബാധിതർക്ക് ആശ്വാസം നൽകുക എന്നൊക്കെയുള്ള അവകാശവാദത്തോടെയാണ് പിഎം കെയേഴ്സ് രൂപീകരിച്ചത്. എന്നാല്‍ 10,991 കോടി രൂപ സമാഹരിച്ചിട്ടും  ചെലവഴിച്ചത് വെറും 3,975 കോടി മാത്രം. 2020 മാർച്ച് 27 മുതല്‍ 2021 മാർച്ച് 31 വരെയുള്ള കണക്കാണിത്. പിഎം കെയേഴ്സ് ഫണ്ടിലൂടെ സമാഹരിച്ച 10,991 കോടിയുടെ 64 ശതമാനവും ഉപയോഗിച്ചിട്ടില്ലെന്നാണ് ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് 3,077 കോടി രൂപയായിരുന്നു പിഎം കെയേഴ്സിലേക്ക് ലഭിച്ചത്. 2021 സാമ്പത്തിക വർഷത്തില്‍ മാത്രം  7,679 കോടി രൂപ ഫണ്ടിലേക്കെത്തി.  പലിശയിൽ നിന്നുള്ള വരുമാനം 235 കോടി രൂപയും ചേര്‍ത്ത് 10,991 കോടി രൂപ. ഇതിൽ 495 കോടി രൂപ വിദേശസംഭാവനയാണ്.

2021 മാർച്ച് വരെയുള്ള  കാലയളവില്‍ ചെലവഴിച്ച 3,975 കോടി രൂപയുടെ കണക്ക് ഇങ്ങനെ. 1,392 കോടി രൂപ 6.6 കോടി കൊവിഡ് വാക്സിൻ ഡോസുകൾ വാങ്ങാൻ വിനിയോഗിച്ചു. 1,311 കോടി രൂപ 50,000 ‘മെയ്ഡ് ഇൻ ഇന്ത്യ’ വെന്‍റിലേറ്ററുകൾ വാങ്ങാനും 201.58 കോടി രൂപ രണ്ടാം കൊവിഡ് തരംഗത്തില്‍ 162 ഓക്‌സിജൻ ഉൽപ്പാദന പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിന് ചെലവഴിച്ചെന്നുമാണ് കണക്കുകള്‍. കൊവിഡ് വാക്സിനുകൾ പരിശോധിക്കുന്നതിനും പുറത്തിറക്കുന്നതിനുമായി സർക്കാർ നടത്തുന്ന ലാബുകൾ നവീകരിക്കുന്നതിന് 20.41 കോടി രൂപ ചെലവഴിച്ചു. ബിഹാറിലെ മുസഫർപൂരിലും പട്‌നയിലും രണ്ട് കൊവിഡ് ആശുപത്രികളും വിവിധ സംസ്ഥാനങ്ങളിലായി ആർടി-പിസിആർ സാമ്പിളുകൾ പരിശോധനാലാബുകളും സ്ഥാപിക്കാൻ 50 കോടി രൂപ വിനിയോഗിച്ചു. 16 ലാബുകളാണ് ഇത്തരത്തില്‍ സ്ഥാപിച്ചത്. അതേസമയം 2020 ലെ ലോക്ക്ഡൗൺ കാലത്തെ ഭയാനകമായ ദുരവസ്ഥയില്‍   വാര്‍ത്തകളില്‍ നിറഞ്ഞ കുടിയേറ്റ ജനതയുടെ ക്ഷേമത്തിനായി 1,000 കോടി മാത്രമാണ് നീക്കിവെച്ചതെന്നും കണക്കുകള്‍ പറയുന്നു.

രൂപീകരണ സമയം മുതല്‍ തന്നെ പിഎം കെയേഴ്സ് സംശയത്തിന്‍റെ നിഴലില്‍ ആയിരുന്നു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയുള്ളപ്പോൾ ഇത്തരമൊരു ഫണ്ട് രൂപീകരിച്ചത് പ്രതിപക്ഷം ചോദ്യം ചെയ്തു. പിഎം കെയേഴ്സിന് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന കേന്ദ്രസര്‍ക്കാരിന്‍റെ പ്രസ്താവനയും വിവാദങ്ങള്‍ക്ക് വഴിവെച്ചു. വലിയ അഴിമതിക്ക് വഴിയൊരുക്കുന്നതാണ് ഇതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനായി തയാറാക്കിയ പിഎം കെയര്‍ ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടോയെന്ന് പ്രധാനമന്ത്രി ഉറപ്പ് വരുത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പണം സ്വീകരിക്കുന്നതിന്‍റെയും ചെലവാക്കുന്നതിന്‍റെയും രേഖകള്‍ പൊതുജനത്തിന് ലഭ്യമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപയാണ് പിഎം കെയറിലേക്ക് സംഭാവനയായി നല്‍കുന്നത്. അതുകൊണ്ട് തന്നെ കണക്കുകള്‍ സുതാര്യമാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സിഎജി ഓഡിറ്റിന്‍റെ പരിധിയില്‍ പിഎം കെയേഴ്സ് വരില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു.  പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്ത പിഎം കെയേഴ്സിന്‍റെ കണക്കുകൾ വിവരാവകാശ നിയമപ്രകാരം പങ്കുവെക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്  അണ്ടർ സെക്രട്ടറി പ്രദീപ്കുമാർ ശ്രീവാസ്തവ ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്‍കി. അതേസമയം കേന്ദ്രസർക്കാരുമായി ഒരു ബന്ധവുമില്ലെന്ന് പറയുമ്പോഴും ദേശീയ ചിഹ്നങ്ങളാണ് പിഎം കെയറിന്‍റെ വെബ്‌സൈറ്റിൽ ഉപയോഗിക്കുന്നത്.