പ്ലസ്ടുവിന് 83.87% വിജയം: മുന്നില്‍ കോഴിക്കോട് ജില്ല; 78 സ്കൂളുകള്‍ക്ക് 100 ശതമാനം വിജയം

Jaihind Webdesk
Tuesday, June 21, 2022

തിരുവനന്തപുരം: ഇത്തവണത്തെ പ്ലസ് ടു പരീക്ഷയില്‍ 83.87 ശതമാനം വിജയം. കഴിഞ്ഞ വർഷം 87.94 ആയിരുന്നു വിജയശതമാനം. 78 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം ഇത് 136 ആയിരുന്നു. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും. 20 ദിവസം കൊണ്ട് ടാബുലേഷൻ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂളുകളില്‍ പൂര്‍ണ്ണതോതില്‍ ക്ലാസുകള്‍ എടുത്ത് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഫോക്കസ് ഏരിയും നോണ്‍ ഫോക്കസ് ഏരിയയും തിരിച്ച് നല്‍കിയിരുന്നു. 4,22,890 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു. ഔദ്യോഗിക വെബ്‌സൈറ്റില്‍ 12 മണിമുതല്‍ ഫലം ലഭ്യമാകും.

സർക്കാർ സ്കൂളുകളിൽ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്കൂളുകളിൽ 86.02 ശതമാനവും അൺ എയ്ഡഡ് സ്കൂളുകളിൽ 81.12 ശതമാനവുമാണ് വിജയം. പ്ലസ്ടു ഫലത്തിലെ വിജയശതമാനത്തിൽ കോഴിക്കോട് ജില്ലയാണ് മുന്നിൽ. 87.79 ആണ് കോഴിക്കോട്ടെ വിജയശതമാനം. വയനാട് ജില്ലയിലാണ് കുറവ്,  75.07 ആണ് ഇവിടെ വിജയശതമാനം. കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്.

വൊക്കേഷനൽ ഹയര്‍സെക്കൻഡറിയിൽ 29,711 പേർ പരീക്ഷ എഴുതിയതിൽ 23,251 പേർ വിജയിച്ചു. വിജയശതമാനം 78.26. കഴിഞ്ഞ വർഷത്തെ വിജയശതമാനം 79.62. കൊല്ലം ജില്ലയാണ് മുന്നിൽ. 87.77 ആണ് കൊല്ലം ജില്ലയിലെ വിജയശതമാനം. ഉച്ചയ്ക്ക് 12 മുതൽ ഓൺലൈനായി ഫലം ലഭ്യമാകും.