പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 82.95 ശതമാനം വിജയം; വിഎച്ച്എസ്‍ഇയിൽ 78.39 ശതമാനം

Jaihind Webdesk
Thursday, May 25, 2023

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയിൽ 82.95 ശതമാനം വിജയം.  ആകെ 2028 സ്കൂളുകളിലായി  3,76,135 പേർ പരീക്ഷ എഴുതിയതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 83.87 ശതമാനം ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. ഒന്നാം വർഷ പരീക്ഷയുടെ സ്കോറുകൾ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിർണയിച്ചത്.

സയൻസ് വിഭാഗത്തിൽ 87.31% പേരും ഹ്യുമാനിറ്റീസിൽ 71.93% ഉം കൊമേഴ്‌സിൽ 82.75 ശതമാനവുമാണ് വിജയം. 33,815 പേർ എല്ലാ വിഷയത്തിലും A+ നേടി. വിജയ ശതമാനം ഏറ്റവുംകൂടുതൽ എറണാകുളം ജില്ലയിലും കുറവ് പത്തനംതിട്ടയിലുമാണ്.
വൊക്കേഷണൽ ഹയർ സെക്കന്‍ഡറിയിൽ 78.39 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വിജയ ശതമാനത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 0.92 ശതമാനമാണ് കുറവ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

1,94,511 പെൺകുട്ടികളിൽ 1,73,731 പേരും, 1,81,624 ആൺകുട്ടികളിൽ 1,38,274 പേരും ഉപരി പഠനത്തിന് യോഗ്യത നേടി. 1,93,544 സയൻസ് വിദ്യാർത്ഥികളിൽ 1,68,975 പേരും 74,482 ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളിൽ 53,575 പേരും 1,08,109 കൊമേഴ്സ് വിദ്യാർത്ഥികളിൽ 89,455 പേരും ഉപരി പഠനത്തിന് യോഗ്യത നേടി. പട്ടികജാതി വിഭാഗത്തിൽ 35,152 ൽ 21,398 പേരും പട്ടികവർഗ വിഭാഗത്തിൽ 5,487 ൽ 3,137 പേരും ഒഇസി വിഭാഗത്തിൽ 8,541 ൽ 6,284 പേരും ഒബിസി വിഭാഗത്തിൽ 2,49,955 ൽ 2,11,581 പേരും ജനറൽ വിഭാഗത്തിൽ 77,000 ൽ 69,605 പേരും ഉപരിപഠനത്തിന് അർഹത നേടി. ഗവൺമെന്‍റ് മേഖലയിലെ സ്കൂളുകളിൽ നിന്ന് 1,64,043 ൽ 1,29,905 പേരും എയ്ഡഡ് മേഖലയിലെ 1,84,844 ൽ 1,59,530 പേരും അൺഎയ്ഡഡ് മേഖലയിലെ 27,031 ൽ 22,355 പേരും ഉപരി പഠനത്തിന് അഹത നേടി.

ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം:

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in