മലബാറിലെ വിദ്യാർത്ഥികൾ പ്ലസ് വൺ സീറ്റിനായി ഇത്തവണയും നെട്ടോട്ടം ഓടേണ്ടി വരും

Jaihind Webdesk
Saturday, May 11, 2019

പത്താം ക്ലാസ്സിൽ നിന്ന് ഉപരിപഠനത്തിന് യോഗ്യത നേടിയ മലബാറിലെ വിദ്യാർത്ഥികൾ പ്ലസ് വൺ സീറ്റിനായി ഇത്തവണയും നെട്ടോട്ടം ഓടേണ്ടി വരും. മലബാറില്‍ ഇത്തവണയും ആവശ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ ഇല്ല. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളിലായി മാത്രം കുറവുളളത് അന്‍പത്തിരണ്ടായിരത്തി അറുന്നൂറ്റി അറുപത്തിരണ്ട് സീറ്റുകള്‍.

ഒരു ലക്ഷത്തി തൊന്നൂറ്റി ആറായിരത്തി ഒരു നൂറ്റിമുപ്പത്തിരണ്ട് 196132 വിദ്യാര്‍ത്ഥികളാണ് കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളില്‍ നിന്നായി ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരി പഠനത്തിന് യോഗ്യത നേടിയത്.എന്നാല്‍ ഈ നാല് ജില്ലകളില്‍ ആകെയുളള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 143470 ഒരു ലക്ഷത്തിനാൽപ്പത്തിമൂവായിരത്തി നാനൂറ്റി എഴുപത് ആണ്.അമ്പത്തിരണ്ടായിരത്തി അറുനൂറ്റി അറുപത്തിരണ്ട് 52662 സീറ്റുകളുടെ കുറവ് ഈ ജില്ലകളിലുണ്ട്.

കണ്ണൂരില്‍ 5941 സീറ്റുകളുടെ കുറവാണ് നിലവിലുളളത്. സീറ്റുകള്‍ ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്.ഇവിടെ ഇത്തവണ 78335 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.ആകെയുളളതാവട്ടെ 52775 സീറ്റുകളും.25560 വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പഠനത്തിന് സ്വകാര്യ സ്കൂളുകളെ ആശ്രയിക്കണ്ടി വരുമെന്നര്‍ത്ഥം.പാലക്കാട് 11609 സീറ്റുകളുടെയും കോഴിക്കോട് 9552 സീറ്റുകളും കുറവാണ്.മലബാറിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം ഇരുപത് ശതമാനം ആനുപാതിക സീറ്റ് വര്‍ദ്ധനവ് അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ അതിനുളള സാധ്യതയുമില്ല. പത്താം ക്ലാസ് മികച്ച മാർക്കോടെ പാസായ വിദ്യാർത്ഥികളിൽ പലരും ഉപരി പ0നത്തിന് മറ്റു മാർഗങ്ങളെ ആശ്രയിക്കേണ്ടി വരും.  സീറ്റുകൾ വർധിപ്പിക്കുന്നത് സർക്കാരിന് സാമ്പത്തിക ബാധ്യത ആവും എന്നതിനാൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യതയും കുറവാണ്.