മലപ്പുറം: പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്തതിന്‍റെ മനോവിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹാദിറുഷ്ദയാണ് ആത്മഹത്യ ചെയ്തത്. എസ്എസ്എൽസി പരീക്ഷയിൽ 85% മാർക്ക് ഉണ്ടായിട്ടും പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത മനോവിഷമത്തിലായിരുന്നു ഹാദിറുഷ്ദയുടെ ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചു.
പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്തതിന്‍റെ നിരാശയിലാണ് പരപ്പനങ്ങാടി സ്വദേശി പുതിയന്‍റെകത്ത് മുഹമ്മദ് ബഷീറിന്‍റെ മകൾ ഹാദിറുഷ്ദ ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടോടെ വീട്ടിനുള്ളിൽ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ കുട്ടിക്ക് 85% മാർക്ക് ലഭിച്ചിരുന്നു. എന്നാൽ ആദ്യ രണ്ട് അലോട്ട്മെന്‍റിലും സീറ്റ് ലഭിക്കാത്ത മനോവിഷമത്തിലായിരുന്നു ഹാദിറുഷ്ദയുടെ ആത്മഹത്യയെന്ന് രക്ഷിതാക്കളും ബന്ധുക്കളും ആരോപിച്ചു. പ്ലസ് വൺ സീറ്റു കിട്ടാത്തതിൽ കുട്ടിക്ക് നിരാശയുണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം പ്ലസ് വൺ സീറ്റ് കിട്ടാത്തതാണ് മരണകാരണം എന്ന് പൂർണ്ണമായി പറയാനാവില്ലെന്നാണ് പോലീസിന്‍റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണന്നും പരപ്പനങ്ങാടി എസ്എച്ച്ഒ വ്യക്തമാക്കി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ആത്മഹത്യാ കുറിപ്പ് ഒന്നും കിട്ടിയിട്ടില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)