പ്ലസ് വൺ പ്രവേശന പ്രതിസന്ധി: സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു; അലോഷ്യസ് സേവ്യർ

Jaihind Webdesk
Tuesday, June 25, 2024

 

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രതിസന്ധിയുമായി ബന്ധപ്പെട്ട സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതായി പ്രതിപക്ഷ വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ വാക്ക് പാലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും കെഎസ്‌യു , എംഎസ്എഫ് നേതാക്കൾ വ്യക്തമാക്കി.

മലബാറിൽ സീറ്റ് കുറവുണ്ടെന്ന് സർക്കാർ അംഗീകരിച്ചത് കെഎസ്‌യു  നടത്തിയ സമര പോരാട്ടത്തിന്‍റെ ഫലമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. കണക്കുകൾ മന്ത്രി അംഗീകരിച്ചെന്നും സ്ഥിരം പരിഹാരം കാണണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. സർക്കാർ മേഖലയിൽ അധിക ബാച്ചുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയെന്നും കെഎസ്‌യു  സംസ്ഥാന പ്രസിഡന്‍റ് അറിയിച്ചു.

അഞ്ചാം തിയ്യതിയിലെ റിപ്പോർട്ട് അനുസരിച്ച് ഭാവി സമരങ്ങൾ തീരുമാനിക്കുമെന്ന് യുഡിഎസ്എഫ് നേതാക്കൾ പറഞ്ഞു. എല്ലാവർക്കും തുടർപഠനം ഉറപ്പു നൽകിയ സാഹചര്യത്തിലാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതെന്ന് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ള നേതാക്കൾ തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.