വിജയ് ബാബു നാളെ കീഴടങ്ങിയില്ലെങ്കില്‍ റെഡ് കോർണർ നോട്ടീസ്; മുന്‍കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

Jaihind Webdesk
Monday, May 23, 2022

കൊച്ചി : നടിയെ ബലാത്സം​ഗം ചെയ്ത കേസില്‍ വിജയ് ബാബു നാളെ കീഴടങ്ങിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും. വിജയ് ബാബുവിനെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്‌ നാ​ഗരാജു അറിയിച്ചു. ജോർജിയൻ എംബസിയുമായി ബന്ധപ്പെട്ടതായി പോലീസ് അറിയിച്ചു. അതേസമയം വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

വിജയ് ബാബു നാളെ ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് തീരുമാനം. വിജയ് ബാബു ഒളിവില്‍ കഴിയുകയാണെന്ന് കണ്ടെത്തിയ ജോര്‍ജിയയിലെ എംബസിയുമായി പൊലീസ് ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്. പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ വിജയ് ബാബുവിനെ ഡീപോര്‍ട്ട് ചെയ്യുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആവശ്യമെങ്കില്‍ പൊലീസ് സംഘം ജോര്‍ജിയയിലേക്ക് പോകുന്നതും പരിഗണനയില്‍ ഉണ്ട്.

കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയ വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായാണ് വിവരം. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ. ജോര്‍ജിയയില്‍ ഇന്ത്യന്‍ എംബസിയില്ല. സമീപരാജ്യമായ അര്‍മേനിയയിലാണ് എംബസിയുള്ളത്. അവിടുത്തെ സ്ഥാനപതിക്കാണ് ജോര്‍ജിയയുടെയും ചുമതല. അര്‍മേനിയന്‍ എംബസിയുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് പോലീസ് നീക്കം. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും വിജയ് ബാബുവിനെതിരേ നിലവിലുണ്ട്.