രണ്ടാമൂഴം : എംടിയുടെ ഹര്‍ജി പരിഗണിക്കുന്നത് 13ലേക്ക് മാറ്റി

രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി. വാസുദേവൻ നായർ നൽകിയ ഹർജി പരിഗണിക്കുന്നത് ഈ മാസം 13 ലേക് മാറ്റി .കേസിൽ മധ്യസ്ഥനെ വെയ്ക്കേണ്ടെന്ന നിലപടിൽ ഉറച്ചു നിൽക്കുകയാണ് എം ടി . നേരത്തെ എം.ടി യുടെ ഹർജി പരിഗണിച്ച കോടതി തിരക്കഥ ഉപയോഗിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയും സംവിധായകനും നിർമ്മാണ കമ്പനിക്കും നോട്ടീസ് അയക്കുകയും ചെയ്തുരുന്നു. തിരക്കഥ നൽകി മൂന്ന് വർഷത്തിനകം രണ്ടാമൂഴം സിനിമ ചിത്രീകരണം തുടങ്ങുമെന്ന് കരാർ ലംഘിച്ചതോടെയാണ് എം.ടി. കോടതിയെ സമീപിച്ചത്. കോഴിക്കോട് മുൻസിഫ് കോടതി ആണ് കേസ് പരിഗണിച്ചത്

ഇത് രണ്ടാം തവണയാണ് കോഴിക്കോട് അഡീഷണൽ മുൻസിഫ് കോടതി കേസ് മാറ്റുന്നത്. ഒക്ടോബർ നാലിനാണ് സംവിധായകൻ ശ്രീകുമാർ മേനോനെതിരെ എംടി വാസുദേവൻ നായർ കോടതിയെ സമീപിച്ചത്.  അതിനിടെ, അനുരജ്ഞന ശ്രമവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ എംടിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല.

കരാര്‍ പ്രകാരം തര്‍ക്കമുണ്ടായാല്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കായി ആര്‍ബിട്രേറ്ററെ നിയമിക്കാന്‍ വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി ശ്രീകുമാര്‍ മേനോന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അത് പ്രോജക്ട് ആരംഭിച്ച ശേഷമുണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് മാത്രമാണ് ആ കരാര്‍ ബാധകമാകുക എന്ന് എംടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ എഴുതിയ തിരക്കഥ തിരികെ നൽകണമെന്നും നേരത്തെ കോടതിയെ അറിയിച്ച പ്രകാരം തിരിക്കഥ കൈപ്പറ്റുമ്പോൾ തന്നെ മുൻകൂർ വാങ്ങിയ പണം തിരികെ നൽകുമെന്നും അഭിഭാഷകന്‍ അറിയിച്ചു. തിരക്കഥ തിരികെവേണമെന്ന എം ടി വാസുദേവന്‍ നായരുടെ നിലപാട് ഉറച്ചതാണെന്നും ഇനി ഇക്കാര്യത്തില്‍ ശ്രീകുമാര്‍ മേനോനുമായി ഇനി ഒരു തരത്തിലും എം ടി സഹകരിക്കില്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാമൂഴം സിനിമയാക്കുക എന്നത് എംടിയുടെ ജീവിതാഭിലാഷമാണ് ആയതിനാല്‍ അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

RandamoozhamSreekumar MenonMT Vasudevan Nair
Comments (0)
Add Comment