പിന്നണി ഗായിക വാണി ജയറാം  അന്തരിച്ചു

Jaihind Webdesk
Saturday, February 4, 2023

ചെന്നൈ: പിന്നണി ഗായിക വാണി ജയറാം  അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും  മരണം സംഭവിച്ചിരുന്നു. മലയാളം,തമിഴ്, തെലുഗു, കന്നട,  മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മൂന്നു തവണ മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം  നേടി. കഴിഞ്ഞയാഴ്ചയാണ് പത്മ പുരസ്കാരം ലഭിച്ചത്.

തമിഴ്നാട് വെല്ലൂരില്‍ ജനിച്ചു വളര്‍ന്ന വാണി ജയറാം അമ്മയില്‍ നിന്നുമാണ് സംഗീതം പഠിച്ചു തുടങ്ങിയത്. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരാണ് കർണാടക സംഗീതത്തിലെ ഗുരുക്കന്മാർ. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനാണ്. കുമാർഗന്ധർവ്വയുടെ പക്കൽ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം അഭ്യസിച്ചു.

സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ‘സ്വപ്നം’ എന്ന ചിത്രത്തിലെ ‘സൗരയൂഥത്തിൽ വിടർന്നൊരു’ എന്ന ​ഗാനമാണ് മലയാളത്തിൽ ആദ്യം ആലപിച്ചത്.

1971 ല്‍ വസന്ത് ദേശായി സംഗീതം നല്‍കിയ ‘ബോലേ രേ പപ്പി’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ബോളിവുഡില്‍ പ്രശസ്തയായി. ചിത്രഗുപ്ത്, നൗഷാദ് , മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങിയ ഇതിഹാസ സംഗീതജ്ഞര്‍ക്കായി പിന്നീട് വാണി പാടി. മുഹമ്മദ് റാഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പവും വാണിടുതെ മധുര ശബ്ദം നാം കേട്ടു.  1974-ൽ ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് വാണി ദക്ഷിണേന്ത്യൻ ഭാഷകളിലും സജീവമായത്.