താറാവുകള്‍ക്കൊപ്പം കളിച്ചോളൂ, പക്ഷേ ‘ഡക്ക്’ ആകരുത് : മോദിയോട് കപില്‍ സിബല്‍

Jaihind News Bureau
Tuesday, September 8, 2020

 

രാജ്യം അതീവഗുരുതരമായ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് സ്വപ്നലോകത്തില്‍ തുടരുന്ന മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. താറാവുകള്‍ക്കൊപ്പം കളിച്ചോളൂ, പക്ഷേ ‘ഡക്ക്’ (വട്ടപ്പൂജ്യം) ആകരുതെന്ന് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. രാജ്യം നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നും കേന്ദ്ര സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന് ഇക്കാര്യങ്ങളിലൊന്നും ഒരു നിയന്ത്രണവുമില്ല ;

  1. അതിര്‍ത്തി വിഷയം
  2. ആശങ്കയുണർത്തുന്ന കൊവിഡ് 19 വ്യാപനം
  3. തുടരുന്ന സാമ്പത്തിക തകർച്ച
  4. വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം
  5. രാഷട്രീയ യജമാനന്മാരെ സേവിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍

താറാവുകള്‍ക്കൊപ്പം കളിച്ചോളൂ, പക്ഷേ ഡക്ക് (വട്ടപ്പൂജ്യം) ആയിപ്പോകരുത് – കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. ക്രിക്കറ്റില്‍ റണ്ണൊന്നും എടുക്കാതെ പൂജ്യത്തിന് പുറത്താകുന്ന ‘ഡക്ക്’ എന്ന പദവുമായി ചേർത്തായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.

കൊവിഡ് വ്യാപനത്തില്‍ രാജ്യം പകച്ചുനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി മയിലിന് തീറ്റ കൊടുക്കുന്ന വീഡിയോ ദൃശ്യങ്ങളും താറാവുകള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങളുമെല്ലാം പങ്കുവെച്ചിരുന്നത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമർശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.