കൊവിഡ്; പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതി നടപ്പിലാക്കണം: പ്രധാനമന്ത്രിക്ക് കെ മുരളീധരന്‍ എം.പിയുടെ കത്ത്

Jaihind News Bureau
Sunday, April 12, 2020

K-Muraleedharan

കൊവിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികളെ നാട്ടിൽ എത്തിക്കാനുള്ള പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് കെ മുരളീധരൻ എം.പി ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിയാലോചിച്ച് പെട്ടെന്ന് തീരുമാനം ഉണ്ടാകണമെന്നും കെ മുരളീധരൻ എം.പി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ഇന്ത്യയിൽ നിന്നുള്ള ലക്ഷക്കണക്കിന് വരുന്ന പ്രവാസികളാണ് ഗൾഫിലെ വിവിധ രാജ്യങ്ങളിൽ കഴിയുന്നത്. ഇവരെ ഉടൻ നാട്ടിലെത്തിക്കണം. ഇങ്ങനെ നാട്ടിൽ എത്തിക്കുന്ന പ്രവാസികളെ നിശ്ചിത സമയം ക്വാറന്‍റൈനിൽ താമസിപ്പിക്കാനുള്ള സ്ഥലവും സംവിധാനവും ഒരുക്കാൻ ബന്ധപ്പെട്ട മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു.

ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികളിൽ ഭൂരിപക്ഷം പേരും സാധാരണ തൊഴിലാളികളോ ചെറുകിട ബിസിനസുകാരോ ആണെന്നും കൊവിഡ് 19 പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ ഇവരുടെ സ്ഥിതി വളരെ പരിതാപകരമാണെന്നും ക്വാറന്‍റൈൻ സംവിധാനങ്ങൾ ഒരുക്കാത്തതും അപര്യാപ്തമായ ചികിത്സാ സൗകര്യങ്ങളും പ്രവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്നും പ്രധാനമന്ത്രിക്കുള്ള കത്തിൽ കെ മുരളീധരന്‍ എം.പി ചൂണ്ടിക്കാട്ടി. കൊവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിൽ മേഖലയിൽ ഏർപ്പെടുത്തിയ നിബന്ധനകൾ മൂലം അവർ സാമ്പത്തികമായി ദുരിതത്തിലാണെന്നും എം.പി പ്രധാനമന്ത്രിക്കുള്ള കത്തിൽ അറിയിച്ചു.