ഇരുട്ടടിക്കൊരുങ്ങി കെഎസ്ഇബി; രാത്രിയിലെ വൈദ്യുതി നിരക്ക് കൂട്ടാന്‍ ആലോചനയെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

Jaihind Webdesk
Monday, July 29, 2024

 

പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകള്‍ വന്നതോടെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകും. പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.

രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം. പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് രാത്രിയിലെ ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വിശദീകരിച്ചു. കേരളത്തില്‍ ആണവ നിലയം പദ്ധതി സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.