മോസ്‌കോ: കിഴക്കന്‍ റഷ്യയിലെ അമുര്‍ ഒബ്ലാസ്റ്റില്‍ 49 പേരുമായി സഞ്ചരിച്ച എഎന്‍-24 വിമാനം തകര്‍ന്നു വീണു. യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അംഗാര എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള വിമാനം, പ്രാദേശിക സമയം വ്യാഴാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്. ടൈന്‍ഡ നഗരത്തിന് സമീപമുള്ള പര്‍വതപ്രദേശത്താണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 43 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു.
ടൈന്‍ഡ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ടൈന്‍ഡയില്‍ നിന്ന് ഏകദേശം 15-16 കിലോമീറ്റര്‍ അകലെയായി വിമാനത്തിന്റെ കത്തുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. റഷ്യന്‍ എമര്‍ജന്‍സി മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തക സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് അമുര്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവാണ് 43 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നതായി പ്രാഥമിക വിവരം പുറത്തുവിട്ടത്. സൈബീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രാദേശിക വിമാനക്കമ്പനിയാണ് അംഗാര എയര്‍ലൈന്‍സ്. അപകടകാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.