തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ രാവിലെ ഒമ്പതിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ എന്ത് മാജിക്കാണ് ധനമന്ത്രി കാത്തുവച്ചിരിക്കുന്നത് എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഈ വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ഇലക്ഷൻ ബജറ്റാകും ഇത്തവണത്തേത് എന്ന കാര്യത്തിൽ സംശയമില്ല. ക്ഷേമപെന്‍ഷന്‍ വര്‍ധന അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. പക്ഷേ ഇതിനൊക്കെ പണം എവിടുന്ന് കണ്ടെത്തുമെന്ന കാര്യത്തിലാണ് സംശയം.
അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി തുകയില്‍ 10 ശതമാനം വര്‍ധന വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുമുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കുള്ള തുക പോലും പിന്നീട് 50 ശതമാനം വെട്ടിക്കുറച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വമ്പൻ പ്രഖ്യാപനങ്ങൾക്ക് സർക്കാർ ഒരുങ്ങുന്നത്.
ക്ഷേമപെന്‍ഷന്‍ 2,500 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. നിലവില്‍ 1,600 രൂപയാണ് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. അതും മാസങ്ങളോളം കുടിശികയാണ്. ഇത്തവണത്തെ ബജറ്റില്‍ 2,00 രൂപയെങ്കിലും ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാനാണ് സാധ്യത. ജീവനക്കാര്‍ക്ക് നല്‍കേണ്ട ക്ഷാമബത്തയടക്കം കുടിശികയായത് കൊടുത്തു തീര്‍ക്കാനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് വ്യവസായ മേഖലക്കായി കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ വിഴിഞ്ഞവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച ഔട്ടര്‍ റിംഗ് ഗ്രോത്ത് കോറിഡോര്‍ അടക്കമുള്ള പദ്ധതികള്‍ എങ്ങുമെത്താതെ അവശേഷിക്കുന്നു.
ഇതിന് പുറമെ വയനാട് പുനരധിവാസ പദ്ധതി, കോഴിക്കോട്,തിരുവനന്തപുരം മെട്രോ, വിനോദ സഞ്ചാരം, കാര്‍ഷികം, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലും വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകാം. കിഫ്ബിയുടെ വരുമാനം വര്‍ധിപ്പിക്കുന്ന തീരുമാനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
പ്രഖ്യാപനങ്ങള്‍ തകൃതിയായി നടക്കുമെങ്കിലും ഇതിനെല്ലാം എവിടുന്ന് പണം കണ്ടെത്തുമെന്നതാണ് പ്രധാന ചോദ്യം. വിവിധ സേവനങ്ങള്‍ക്കുള്ള ഫീസും നികുതിയും വര്‍ധിപ്പിച്ച് ജനത്തെ പിഴിയുകയാണ് ആദ്യ മാര്‍ഗം. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ഇത് കൂടുതല്‍ കടുപ്പിക്കാന്‍ സാധ്യതയില്ല. പകരം വരുമാന സാധ്യതയുള്ള ഐ.ടി, വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളുണ്ടാകാനാണ് സാധ്യത. 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിച്ച ബജറ്റായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. പ്രതീക്ഷിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ പ്ലാന്‍ ബിയുണ്ടെന്നും മന്ത്രി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ഇക്കൊല്ലം അതും കടന്ന് പ്ലാന്‍ സിയാകുമോ ബാലഗോപാലിന്റെ പെട്ടിയിലുണ്ടാവുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.