കോഴിക്കോട്: ദീപാ നിഷാന്ത്-ശ്രീചിത്രന്‍ എന്നിവരുടെ കവിതാ മോഷണ വിവാദം കെട്ടടങ്ങും മുമ്പ് മറ്റൊരു മോഷണ പരാതി കൂടി. കെ എസ് യു നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ പ്രസിദ്ധീകരിച്ച മാഗസിനിലെ കവിതയാണ് എസ് എഫ് ഐക്കാര്‍ അടിച്ചുമാറ്റിയത്. കവിത മോഷ്ടിച്ച് എസ് എഫ് ഐയുടെ നേതൃത്വത്തില്‍ മറ്റൊരു മാഗസിനില്‍ പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം ചര്‍ച്ചയാവുന്നത്.
2014- 2015 വര്‍ഷം കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് യൂണിയന്‍ ഇറക്കിയ സ്‌മൈലി മാഗസിനിലെ കവിതയുടെ തനിപ്പകര്‍പ്പ് 2017 -18 വര്‍ഷത്തെ നിര്‍മലഗിരി കോളേജ് യൂണിയന്‍ മാഗസിനിലാണ് അച്ചടിച്ച് വന്നത്. 2015ല്‍ ജിതിന്‍ ജോസഫ് എഡിറ്റര്‍ ആയിട്ടുള്ള സ്മൈലി എന്ന മാഗസിനില്‍ ആഷ്ബിന്‍ എബ്രഹാം എഴുതിയ രക്തം എന്ന കവിതയാണ് 2018ലെ അശ്വിന്‍ ഷാജ് എഡിറ്ററായുള്ള കോളേജ് യൂണിയന്റെ ടെര്‍മിനേറ്റ് എന്ന മാഗസിനില്‍ തലക്കെട്ട് ഇല്ലാതെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോളേജിലെ തന്നെ ഒന്നാം വര്‍ഷ മലയാള വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകരായ പി എ അഭിനവിന്റെ പേരിലാണ് കവിതയുള്ളത്. സംഭവം വിവാദമായതോടെ മാഗസിന്‍ പിന്‍വലിച്ച് ക്ഷമ പറയണമെന്ന് കെ എസ് യു ആവശ്യപ്പെട്ടിരിക്കയാണ്. ഒച്ചപ്പാടിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്ത മാഗസിന്‍ മടക്കി വാങ്ങാനാണ്് എസ് എഫ് ഐ ശ്രമിക്കുന്നത്. തിരിച്ച് വാങ്ങുന്ന മാഗസിനില്‍ നിന്നും വിവാദമായ കവിതയുള്ള പേജ് ഇളക്കിമാറ്റി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത് മാപ്പ് പറഞ്ഞ് തലയൂരാന്‍ എസ് എഫ് ഐ തയ്യാറായതാണ് വിവരം. സി പി എം സഹയാത്രികയും തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജ് അധ്യാപികയുമായ ദീപാ നിഷാന്തിന്റെ കോപ്പിയടി വിവാദത്തിലായതിന് പിന്നാലെയാണ് എസ് എഫ് ഐ പ്രവര്‍ത്തകനും കവിത കോപ്പിയടിച്ച വിവരം പുറത്തായത്.
കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട മാഗസിന്‍ വിതരണം ചെയ്യാന്‍ കാലതാമസം വരുത്തിയത് കോളേജില്‍ ഏറെ പ്രതിക്ഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാഗസിന്‍ വിതരണം നടന്നത്. തന്റെ കവിത മോഷ്ടിച്ചതിന് മാപ്പു വേണ്ടെന്നും വ്യക്തമായ മറുപടി തന്നാല്‍ മതിയെന്നുമാണ് കവിതയുടെ അവകാശി ആഷ്ബിന്‍ എബ്രഹാമിന്റെ നിലപാട്. എന്തിന് നിങ്ങള്‍ കവിത മോഷ്ടിച്ചുവെന്നു വ്യക്തമാക്കണമെന്നും, കലയും സാഹിത്യവും മോഷ്ടിക്കപ്പെടേണ്ടത് അല്ല. അത് പുരോഗമാന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സഹയാത്രികര്‍ മനസ്സിലാക്കണമെന്നും ആഷ്ബിന്‍ അബ്രഹാം പറയുന്നു.