പ്രതിഷേധസ്വരം പോയിട്ട് ഉയര്‍ത്തിയൊന്നു കരയാന്‍ പോലുമാകാത്ത സ്ഥിതിയിലാണ് കേരളത്തിലെ ബിജെപിയുടെ ഒരു പ്രമുഖ വിഭാഗം. പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങള്‍ കയ്യടക്കിയിരുന്ന ഈ വിഭാഗത്തെ അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഒതുക്കിയത് വരും ദിനങ്ങളില്‍ പൊട്ടിത്തെറിയിലേയ്ക്കു നീളും. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍മാരായ വി മുരളീധരനും കെ സുരേന്ദ്രനും അടങ്ങുന്ന പ്രബലഗ്രൂപ്പിനെയാണ് ഒരു സമരം പോലും നടത്താതെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തിയ രാജീവ് ചന്ദ്രശേഖര്‍ വെട്ടിനിരത്തിയിരിക്കുന്നത്.
ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയില്‍ മുരളീധര- സുരേന്ദ്രപക്ഷത്തെ രൂക്ഷ വിമര്‍ശകരായ എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തിയതാണ് ഇതില്‍ പ്രധാന മാറ്റം. അതേസമയം തീവ്രഹിന്ദു പക്ഷവാദിയായ പ്രതീഷ് വിശ്വനാഥന്‍ പട്ടികയില്‍ ഇടം തേടുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അവസാന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എസ്.സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരും ജനറല്‍ സെക്രട്ടറിമാരാണ് ഇ.കൃഷ്ണദാസ് ട്രഷററാകുമ്പോള്‍ മേഖലാ അധ്യക്ഷന്‍മാരായി കെ.ശ്രീകാന്ത്, വി.ഉണ്ണികൃഷ്ണന്‍, എ.നാഗേഷ്, എന്‍.ഹരി, ബി.ബി.ഗോപകുമാര്‍ എന്നിവരെയും നിയോഗിച്ചു.
പാര്‍ട്ടിയിലേയ്ക്ക് പുതിയതായി എത്തിയവരുടെസ്ഥാന ലബ്ധിയാണ് മറ്റൊരു മാറ്റം. ഷോണ്‍ ജോര്‍ജ്ജ് , അബ്ദുള്‍ സലാം, ശ്രീലേഖ, പന്തളം പ്രതാപന്‍, കെ.എസ്, രാധാകൃഷ്ണന്‍ തുടങ്ങി പാര്‍ട്ടിയിലേക്ക് ചേക്കേറിയവര്‍ക്ക് സുപ്രധാന തസ്തികകള്‍ ലഭിച്ചു. അതേസമയം , ജെ.ആര്‍, പത്മകുമാര്‍, എ.എന്‍. രാധാകൃഷ്ണന്‍ ,സി.ശിവന്‍കുട്ടി, നാരായണന്‍ നമ്പൂതിരി വി.ടി, രമ, ജെ. പ്രമീള ദേവി, ജി രാമന്‍ നായര്‍, എം എസ് സമ്പൂര്‍ണ, രാജി പ്രസാദ്, ടി പി സിന്ധുമോള്‍ തുടങ്ങിയവരാണ് വെട്ടിനിരത്തലില്‍ സ്ഥാനം പോയവര്‍ . കെ.സുരേന്ദ്രന്റെ വിശ്വസ്തനായ ജയരാജ് കൈമള്‍ പുതിയ അദ്ധ്യക്ഷനും വിശ്വസ്തനാണ്. കൈമള്‍ ഓഫീസ് സെക്രട്ടറിയായി തുടരും.
പുതിയ പാര്‍ട്ടി ഓഫീസില്‍ പല ദിവാസ്വപ്‌നങ്ങളും കണ്ടിരുന്ന നേതാക്കളെയാണ് ഒറ്റയടിക്ക് പുതിയ അദ്ധ്യക്ഷന്‍ ഒഴിവാക്കിയിരിക്കുന്നത്. ഇതിന്റെ അലയൊലി ഉടനെയൊന്നും അവസാനിക്കില്ല.