പി.കെ.ശ്രീമതിയുടെ വിലക്ക് തുടരും; സിപിഎമ്മില്‍ ‘പിണറാധിപത്യമോ?’

Jaihind News Bureau
Monday, April 28, 2025

സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കിയുള്ള പി.കെ. ശ്രീമതിയുടെ വിലക്ക് തുടരും. പ്രായപരിധിയിലെ ഇളവ് മൂലം കേന്ദ്ര കമ്മിറ്റിയില്‍ അംഗമായിരുന്നതിനാല്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ തുടരാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിചിത്ര വാദം. എന്നാല്‍ സംസ്ഥാന പാര്‍ട്ടി സെക്രട്ടറി എടുക്കേണ്ട നിലപാട് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ എന്ത് ആധിപത്യമാണ് പിണറായിക്ക് ഉള്ളതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുന്നത്. സമാനമായ രീതിയില്‍ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലും പിണറായി ആധിപത്യമാണ് എങ്ങും കാണാന്‍ സാധിച്ചത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പി.കെ.ശ്രീമതിക്ക് നേരെയുണ്ടായത്.

കഴിഞ്ഞ 19 ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തലാണ് പി.കെ.ശ്രീമതിക്ക് പിണറായി വിലക്ക് കല്‍പിച്ചത്. കേന്ദ്ര കമ്മിറ്റിയില്‍ ലഭിച്ച ഇളവ് ഉപയോഗിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കേണ്ട എന്നാണ് പിണറായി ശ്രീമതിയോട് പറഞ്ഞത്. കാര്യം വിവാദമായതോടെ വാര്‍ത്ത തെറ്റാണെന്ന് ശ്രീമതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ശ്രീമതിയെ വിലക്കിയതാണന്ന സ്ഥിരീകരണം മാധ്യമങ്ങളിലൂടെ നല്‍കി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന ചേരിത്തിരിവും അമര്‍ഷങ്ങളുമാണ് പുറത്തേക്ക് വരുന്നത്.

എന്നാല്‍ ഇത്തരം വിലക്ക് പി.കെ ശ്രീമതിക്ക് മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇതേരീതിയില്‍ കെ.കെ.ഷൈലജ, എളമരം കരീം തുടങ്ങിയവര്‍ നേതൃയോഗങ്ങളില്‍ പങ്കെടുത്തിട്ടുമുണ്ട്, അത് സാധാരണ രീതിയുമാണ്. അവിടെയാണ് ശ്രീമതിക്കു നേരെ മാത്രമുള്ള പിണറായിയുടെ കടുംവെട്ട് നയം.