ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തൻ അന്തരിച്ചു

Jaihind News Bureau
Thursday, June 11, 2020

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി.കെ കുഞ്ഞനന്തൻ. 2014 മെയ് 4നാണ് ടി.പി കൊല്ലപ്പെട്ടത്. ടി.പിയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നതായിരുന്നു കുഞ്ഞനന്തനെതിരായ കുറ്റം. 2014 ജനുവരിയിൽ പ്രത്യേക വിചാരണ കോടതി കുഞ്ഞനന്തന് ജീവ പര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കുഞ്ഞനന്തന് നിരവധി തവണ പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു.  257 ദിവസമാണ് സര്‍ക്കാര്‍ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത്. സാധാരണ പരോള്‍ 135 ദിവസവും, വിവിധ ആവശ്യങ്ങള്‍ക്കായി അടിയന്തര പരോള്‍ 122 ദിവസവും കിട്ടിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. സർക്കാർ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും കുഞ്ഞനന്തന് പരോൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.