പെരിയ ഇരട്ടക്കൊലകേസ് : ഹൈക്കോടതി വിധി സ്വാഗതാര്‍ഹം : പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പെരിയ ഇരട്ടക്കൊലകേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നിരവധി അമ്മമാരുടെ കണ്ണീരിന് ആശ്വാസം പകരുന്ന ഒന്നാണിത്. നിഷ്ഠൂരമായി നടന്ന കൊലപാതകത്തെ ന്യായീകരിക്കാന്‍ കോടികളാണ് സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ചത്. അരിയില്‍ ഷുക്കൂറിന്‍റെ കൊലപാതകത്തിലും ഇതും തന്നെയാണ് സംഭവിച്ചത്. സി.പി.എം ഈ കേസുകളിലെല്ലാം കാര്യമായി എന്തോ ഭയപ്പെടുന്നുണ്ട്. പാര്‍ട്ടിയെയും നേതാക്കളെയും സംരക്ഷിക്കാന്‍ ജനങ്ങളുടെ നികുതി പണമുപയോഗിച്ചതിന് പിണറായി മറുപടി പറയേണ്ടി വരും. സി.പി.എം അനാഥമാക്കിയ കുടുംബങ്ങളുടെ പ്രാര്‍ത്ഥനയാണ് ഈ വിധിക്ക് ആധാരം. സി.പി.എമ്മിന്‍റെ പതനം ആരംഭിച്ചതിന്‍റെ ആദ്യ സൂചനയാണിത്. അതിലേക്കുള്ള ചൂണ്ടുപലകയാണ് സി.ബി.ഐ അന്വേഷണം. അധികാരത്തിലിരുന്നും അല്ലാതെയും കാണിച്ച ഓരോ ക്രൂരകൃത്യങ്ങള്‍ക്കും മറുപടി പറഞ്ഞിട്ടെ ജനം ഇരിക്കേണ്ടിടത്തിരുത്തുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.

ജനങ്ങള്‍ക്കിടയില്‍ വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാറാണ് ഇന്ന് കേരളം ഭരിക്കുന്നത്. കേരളീയ സമൂഹത്തിനിടയില്‍ ഉയരുന്ന സംശയങ്ങളാണ് പ്രതിപക്ഷം കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉന്നയിച്ചത്. പ്രതിപക്ഷം ഉന്നയിച്ച ഒരു വിഷയത്തിനു പോലും പിണറായി മറുപടി പറഞ്ഞിട്ടില്ല. നിയമനിര്‍മാണസഭയില്‍ നാല് മണിക്കൂര്‍ ഒന്നും പറയാതെ പറഞ്ഞതിനുള്ള റെക്കോര്‍ഡ് പിണറായി സ്വന്തമാക്കി. നിയമസഭയിലിരുന്ന് പിണറായി വിയര്‍ത്തത് ലോകം കണ്ടതാണ്. പ്രതിപക്ഷം പറഞ്ഞ ഒരോ കാര്യങ്ങളും സത്യമായി പുലരുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കൊവിഡ് ഭീതിയുള്ളത് കൊണ്ടാണ് പ്രത്യക്ഷ സമരങ്ങളില്ലാത്തത്. എന്നാല്‍ അതിന്‍റെ തണലില്‍ ദീര്‍ഘകാലം മുന്നോട്ട് പോകാന്‍ ഇവര്‍ക്കാവില്ല. യു.ഡി.എഫ് സമരരംഗത്ത് സജീവമാകുകയാണ്. കേരള ജനത യു.ഡി.എഫിനൊപ്പമുണ്ടാവും. ഒന്നും പറയാനില്ലെന്ന് കണ്ടപ്പോള്‍ യു.ഡി.എഫിലെ ഘടക കക്ഷികളെ വര്‍ഗീയതയുടെ ആലയില്‍ കെട്ടാനാണ് സി.പി.എം ശ്രമിക്കുന്നത്. കേരള ജനതക്ക് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സി.പി.എമ്മിനെ ആരും ഏല്‍പിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.

Comments (0)
Add Comment