സജി ചെറിയാൻ മതമേലധ്യക്ഷന്മാരെ അപഹസിക്കാൻ പാടില്ലായിരുന്നു, വേദനിപ്പിക്കുന്ന തരത്തിൽ അഭിപ്രായം പറഞ്ഞത് നല്ലതല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Tuesday, January 2, 2024

കോഴിക്കോട്: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സജി ചെറിയാൻ മതമേലധ്യക്ഷന്മാരെ അപഹസിക്കാൻ പാടില്ലായിരുന്നുവെന്ന്  പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയമായി വിയോജിപ്പാകാം. വേദനിപ്പിക്കുന്ന തരത്തിൽ അഭിപ്രായം പറഞ്ഞത് നല്ലതല്ല. കേന്ദ്ര സർക്കാരിന്റെ പരിപാടിയോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാന്‍, വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിഷപ്പുമാർക്കെതിരായ പ്രസ്താവനയിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സജി ചെറിയാന്‍ രംഗത്തെത്തിയത്.