കേരളത്തിലേത് ദുർഭരണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ; മന്ത്രിമാരുടെ ബസ് യാത്ര ദുരന്തമായി മാറിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Wednesday, December 20, 2023

മലപ്പുറം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേരളത്തിലേത് ദുർഭരണമെന്ന്  അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറത്ത് നടത്തുന്ന യൂത്ത് മാർച്ചിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അഭ്യാസ മേഖലയായെന്നും ആരോഗ്യ മേഖല രോഗ ഗ്രസ്തമായി മാറിയിരിക്കുന്നുവെന്നും ആരോപിച്ചു. ഈ ദുർഭരണത്തിൽ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം മന്ത്രിമാരുടെ ബസ് യാത്ര ദുരന്തമായി മാറിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും ആരോപിച്ചു. ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ബസിൽ യാത്ര ചെയ്ത മന്ത്രിമാർ പോയ സ്ഥലത്തൊക്കെ കലാപം ഉണ്ടാവുന്നു. അവരാണ് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നത്. ഉമ്മൻ‌ചാണ്ടിയുടെ കാലത്ത് പ്രതിഷേധിക്കുന്നവർക്ക് പോലും തലോടലായിരുന്നുവെങ്കില്‍  ഇപ്പോൾ പോലീസും പാർട്ടിക്കാരും തല്ലുന്നുവെന്നും പ്രതിഷേധിക്കുന്നവർ ഒടുവില്‍ സ്വന്തം നിലക്ക് രക്ഷതേടാൻ തുടങ്ങിയെന്നും അദ്ദേഹം പറ‌ഞ്ഞു. ഗവർണറെ കാണാൻ തിരുവനന്തപുരത്തിന് പകരം മിഠായി തെരുവിലാണ് പോകേണ്ടതെന്ന് അദ്ദേഹം ആരോപിച്ചു. ദുർഭരണക്കാരെ ജനം വലിച്ചെറിയുമെന്നും യുഡിഎഫിനെ ജനങ്ങൾ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.