ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനം രാജ്യത്തിനാകെ അപമാനം, ജുഡീഷ്യറിയുടെ നിക്ഷ്പക്ഷത സംശയിക്കുന്ന നടപടി: പി.കെ കുഞ്ഞാലിക്കുട്ടി എംപി

Jaihind News Bureau
Wednesday, March 18, 2020

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തുള്ള നടപടി രാജ്യത്തിനാകെ അപമാനമാണന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ജുഡീഷ്യറിയുടെ നിക്ഷ്പക്ഷത ജനങ്ങള്‍ സംശയിക്കുന്ന നടപടിയാണിത്. വിരമിച്ച ജഡ്ജിക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കിയതാണോ ഗൊഗോയിക്കുള്ള സ്ഥാനലബ്ദി എന്ന് ന്യായമായും സംശയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബാബരി വിധി ന്യായത്തിന്‍റെയൊക്കെ പാശ്ചാത്തലത്തില്‍ ഇത്തരം നീക്കം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. മുന്‍കാലങ്ങളില്‍ സംഭവിച്ചതിനെക്കാളും വളരെ ഗൗരവമേറിയ തെറ്റാണ് ഗൊഗോയിയെ രാജ്യസഭയില്‍ നാമനിര്‍ദ്ദേശം ചെയ്തതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. രാജ്യസഭയ്ക്ക് തന്നെ കളങ്കമാണ് ഇത്തരമൊരുനീക്കം. ഗൊഗോയിയുടെ സഭയിലെ സാന്നിധ്യം അപമാനകരമാണന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജ്യഡീഷറിയെ കരിവാരിത്തേച്ചിരിക്കുന്ന പ്രവൃത്തിയാണിതന്നും എംപി പറഞ്ഞു.