‘സിപിഎമ്മിന് ഫണ്ട് ഉണ്ടാക്കാനുള്ള ഏജന്‍സിയായി ഊരാളുങ്കല്‍ മാറി; മന്ത്രി റിയാസിനെതിരെ അന്വേഷണം വേണം’: പി.കെ ഫിറോസ്

Tuesday, May 17, 2022

കോഴിക്കോട് : കൂളിമാട് പാലം തകർന്ന സംഭവത്തിൽ മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട്പിഡബ്ല്യുഡി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സിപിഎമ്മിന് ഫണ്ട് ഉണ്ടാക്കാനുള്ള ഏജൻസിയായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മാറിയെന്ന്
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ടെണ്ടർ ഇല്ലാതെയാണ് പല കരാറുകളും ഊരാളുങ്കലിന് സർക്കാർ നൽകുന്നത്. ഈ അഴിമതികളെല്ലാം നടക്കുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അറിവോടെയാണ്. അഴിമതിക്ക് കൂട്ടുനിൽക്കുന്ന മന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. സംഭവത്തിൽ പരാതിയുമായി ആദ്യം വിജിലൻസ് ഡയറക്ടറെയും വേണ്ടി വന്നാൽ കോടതിയെയും സമീപിക്കുമെന്നും പി.കെ ഫിറോസ് കോഴിക്കോട് പറഞ്ഞു.