‘ഭാര്യമാർക്ക് സീറ്റ് താലത്തിൽ , പിണറായിക്കാലം അവസാനിക്കുന്ന നാള്‍ വരും’ ; മുഖ്യമന്ത്രിയേയും നേതൃത്വത്തേയും കടന്നാക്രമിച്ച് പി.ജെ ആര്‍മി

Jaihind News Bureau
Saturday, March 6, 2021

 

തിരുവനന്തപുരം :  സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന് സീറ്റ് നിഷേധിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം നിലപാടിനെയും കടന്നാക്രമിച്ച് പി.ജെ ആര്‍മി. സിപിഎം സൈബര്‍ പേജിലും അണികള്‍ പരസ്യവിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

പാർട്ടി നേതാക്കളുടെ ഭാര്യമാർക്കുവരെ സീറ്റ് താലത്തിൽ വച്ചു നൽകുമ്പോൾ പാർട്ടിക്കു വേണ്ടി ജീവൻ പണയം വച്ചു പോരാടിയ പി.ജയരാജന് എന്തുകൊണ്ട് സീറ്റില്ലെന്നാണ് അണികളുടെ ചോദ്യം. താഴെത്തട്ടിലെ പ്രവർത്തകരുടെ വികാരം തിരിച്ചറിയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും വിമർശനം. ഭാര്യമാരെയും പിന്നണി ഗായികമാരെയും തള്ളിക്കയറ്റാൻ ശ്രമിക്കുന്നതിനൊപ്പം ജയരാജനെ ഓർക്കുന്നത് നന്നായിരിക്കുമെന്നും പ്രവർത്തകർ കുറിച്ചു. പിണറായിക്കാലം അവസാനിക്കുന്ന ഒരു നാൾ വരുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നല്‍കുന്നു.

പാര്‍ട്ടി ഗ്രൂപ്പിസത്തില്‍  വിഎസിനെ ഒറ്റിയവര്‍ക്കെല്ലാം പിണറായി സീറ്റുകള്‍ നല്‍കുകയാണന്നും വിഎസിനൊപ്പം നിന്ന  ഗുരുദാസനെപ്പോലുളളവരെ വെട്ടിയൊതുക്കുകയാണെന്നും പി.ജെ ആർമി. കണ്ണൂരിൽ പി. ജയരാജനു പകരം സ്ഥിരം സെക്രട്ടറി വന്നതു മുതല്‍ പിണറായി ജയരാജനെ മൂലയ്ക്കിരുത്താൻ ഉന്നം വച്ചു . തന്നേക്കാളും ജനപിന്തുണ ഉണ്ടെന്ന തോന്നലാണു പിണറായിക്കു ജയരാജനു മേൽ ഇത്രമേൽ അയിത്തം കൽപിക്കാനെന്നും പ്രവർത്തകർ വിമർശിക്കുന്നു.

പി.ജയരാജനെ അനുകൂലിച്ചു ; ധീരജ് കുമാറിനെ സിപിഎമ്മിൽ നിന്നും പുറത്താക്കി

സി.പി.എം നേതാവ് പി.ജയരാജന് സീറ്റ്‌ നൽകാത്തതിൽ പ്രതിഷേധിച്ച് രാജിവെച്ച സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് എൻ. ധീരജ് കുമാറിനെ സി.പി.എമ്മിൽ നിന്നും പുറത്താക്കി. പള്ളിക്കുന്ന് ലോക്കലിലെ ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമാണ് ധീരജ് കുമാർ. പാര്‍ട്ടിയുടെ യശസ്സിന് കളങ്കം വരുത്തുന്ന നിലയില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാൽ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സി.പി.എം ജില്ലാകമ്മിറ്റി അറിയിച്ചു.