PIRAPPANCODE MURALI| വി.എസിനെ ‘ക്യാപിറ്റല്‍ പണിഷ്‌മെന്റിന് ‘ വിധേയനാക്കാന്‍ സി.പി.എം നേതൃത്വത്തില്‍ ചര്‍ച്ച നടന്നു; പാര്‍ട്ടിയെ പിടിച്ചുകുലുക്കി പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തല്‍

Jaihind News Bureau
Thursday, July 24, 2025

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് സി.പി.എമ്മിന്റെ ഇരുണ്ട രഹസ്യങ്ങള്‍ തുറന്നുകാട്ടി മുതിര്‍ന്ന നേതാവും മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ പിരപ്പന്‍കോട് മുരളി. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ പാര്‍ട്ടിയില്‍ നടന്ന രഹസ്യ നീക്കങ്ങളുടെ ഞെട്ടിക്കുന്ന അധ്യായങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. വി.എസിനെ ‘ക്യാപിറ്റല്‍ പണിഷ്‌മെന്റിന്’ വിധേയമാക്കണമെന്ന് സി.പി.എം നേതൃയോഗത്തില്‍ ചര്‍ച്ച നടന്നുവെന്ന വെളിപ്പെടുത്തല്‍, ആ പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യവിരുദ്ധവും ഫാസിസ്റ്റ് സ്വഭാവമുള്ളതുമായ വിഭാഗീയതയുടെ ആഴം വ്യക്തമാക്കുന്നതാണ്.

പാര്‍ട്ടിയിലെ കൊടും പക; ‘ക്യാപിറ്റല്‍ പണിഷ്‌മെന്റ്’ ചര്‍ച്ച

പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തലുകളിലെ ഏറ്റവും ഭയാനകമായ ഭാഗം വി.എസിനെതിരായ ‘ക്യാപിറ്റല്‍ പണിഷ്‌മെന്റ്’ ചര്‍ച്ചയാണ്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ എം സ്വരാജ് ഇക്കാര്യം ആവശ്യപ്പെട്ടതായി പിരപ്പന്‍കോട് മുരളി ആവര്‍ത്തിക്കുന്നു. ചില നേതാക്കള്‍ ഈ ആവശ്യത്തെ ചിരിയോടെയാണ് കേട്ടിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി അതിന്റെ സമുന്നതനായ നേതാവിനെതിരെ ഇത്തരമൊരു പദം ഉപയോഗിക്കാന്‍ ചര്‍ച്ച ചെയ്തു എന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഇത് സി.പി.എമ്മിനുള്ളിലെ വിഭാഗീയത വ്യക്തിപരമായ പകയുടെയും ഉന്മൂലന സിദ്ധാന്തത്തിന്റെയും തലത്തിലേക്ക് മാറിയിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. ജനകീയതയുടെ കൊടുമുടിയില്‍ നിന്ന ഒരു നേതാവിനെ, സ്വന്തം സഹപ്രവര്‍ത്തകര്‍ തന്നെ രാഷ്ട്രീമായി ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തി എന്നത് കേരളത്തിന്റെ ജനാധിപത്യ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. അന്നത്തെ ഔദ്യോഗിക പക്ഷം, ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വിഭാഗം, വി.എസിനെ എത്രത്തോളം ഭയപ്പെട്ടിരുന്നു എന്നും വെറുത്തിരുന്നു എന്നും ഇതില്‍ നിന്ന് വ്യക്തമാണ്.

മാരാരിക്കുളത്തെ ചതി; തിരക്കഥ പാര്‍ട്ടിയില്‍

1996-ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ വി.എസ്. അച്യുതാനന്ദന്‍ തോറ്റതിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നത് അന്നുമുതല്‍ സജീവമായ ആരോപണമായിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്ന ഒരു നേതാവ് തന്നെ ഇത് സ്ഥിരീകരിക്കുമ്പോള്‍ ആ ആരോപണങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയാണ്. കേരളം മുഴുവന്‍ ഇടതുമുന്നണി തരംഗത്തില്‍ ആടിയുലഞ്ഞപ്പോഴും, ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ മാരാരിക്കുളത്ത് പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗം കൂടിയായ വി.എസ്. തോറ്റത് സ്വാഭാവികമായിരുന്നില്ല. വി.എസിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവരും അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിച്ചവരുമാണ് ആ ചതിക്ക് പിന്നിലെന്ന് പിരപ്പന്‍കോട് മുരളി തുറന്നടിക്കുന്നു. ഇത് സി.പി.എമ്മിന്റെ സംഘടനാ സംവിധാനം എതിരാളികളെ മാത്രമല്ല, സ്വന്തം നേതാക്കളെയും ഉന്മൂലനം ചെയ്യാന്‍ ഉപയോഗിക്കുമെന്നതിന്റെ കൃത്യമായ ഉദാഹരണമാണ്.

2011-ലെ മുഖ്യമന്ത്രി കസേര തെറിപ്പിക്കാനുള്ള നീക്കം

2006-2011 കാലഘട്ടത്തില്‍ മികച്ച ഭരണം കാഴ്ചവെച്ച വി.എസ്. അച്യുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയാന്‍ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം തീരുമാനിച്ചിരുന്നു എന്ന വെളിപ്പെടുത്തലും അതീവ ഗൗരവതരമാണ്. 2011-ലെ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് ഭരണം നഷ്ടമായെങ്കിലും, വി.എസ്. എന്ന ജനകീയ നേതാവിന്റെ പ്രതിച്ഛായ ഇല്ലായിരുന്നെങ്കില്‍ ഇടതുമുന്നണി ദയനീയമായി പരാജയപ്പെടുമായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍, ഭരണം ലഭിച്ചാല്‍ പോലും വി.എസിനെ മുഖ്യമന്ത്രിയാക്കരുത് എന്ന തീരുമാനം, ജനഹിതത്തെക്കാള്‍ വിഭാഗീയ താല്പര്യങ്ങള്‍ക്കാണ് സി.പി.എം പ്രാധാന്യം നല്‍കിയിരുന്നത് എന്നതിന്റെ തെളിവാണ്.

വെളിപ്പെടുത്തലുകള്‍ വിരല്‍ ചൂണ്ടുന്നത് പിണറായി വിജയനിലേക്ക്

പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തലുകള്‍ വിരല്‍ ചൂണ്ടുന്നത് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഔദ്യോഗിക പക്ഷത്തേക്കുമാണ്. വി.എസിനെതിരെ നിരന്തരം പോരാടിയതും അദ്ദേഹത്തെ പാര്‍ട്ടി വേദികളില്‍ ഒറ്റപ്പെടുത്തിയതും പിണറായി പക്ഷമായിരുന്നു. വി.എസിനെപ്പോലെ ഒരു ജനകീയ നേതാവിനോട് ഇത്രയും ക്രൂരമായി പെരുമാറിയവര്‍ക്ക് എങ്ങനെയാണ് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുക എന്ന ചോദ്യമാണ് പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്നത്. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ ഉന്മൂലനം ചെയ്യാന്‍ ചര്‍ച്ച നടത്തിയവര്‍ രാഷ്ട്രീയ എതിരാളികളോട് എങ്ങനെ പെരുമാറും എന്നതിന്റെ സൂചനകളാണ് കേരളത്തില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും അക്രമങ്ങളും.

വി എസിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിന്റെ ഉരുക്കു കോട്ടയില്‍ വന്‍ വിള്ളലുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും ചര്‍ച്ചകളും ഉണ്ടാകുമെന്നും ഇത് കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഉറപ്പാണ്.