2016 ഏപ്രില്‍ 25 നായിരുന്നു ദേശാഭിമാനി പത്രത്തില്‍ തികച്ചും ഞെട്ടല്‍ ഉളവാക്കിക്കൊണ്ട് ഒരു തലക്കെട്ട് വരുന്നത്. ‘കടല്‍ക്കൊള്ള-വിഴിഞ്ഞത്ത് ലക്ഷ്യമിട്ടത് 5000 കോടിയുടെ ഭൂമിതട്ടിപ്പ്’ ഇതായിരുന്നു ആ തലക്കെട്ട്. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് ആ വലിയ ജലബോംബ് പൊട്ടിച്ചത്. തുടരെത്തുടരെ നിരവധി ആരോപണങ്ങള്‍ വിഴിഞ്ഞത്തിനും അന്നത്തെ വലതുപക്ഷ സര്‍ക്കാരിനും നേടിക്കൊടുത്ത അതേ പിണറായിയാണ് ഇന്ന് കേരളം കണ്ട വികസന വക്താവായി മാറുന്നത്.
തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് അടുത്ത മാസം രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. അതിന് മുന്നോടിയായി കുടുംബസമേതം മുഖ്യമന്ത്രി ഇന്നലെ വിഴിഞ്ഞത്ത് എത്തിയിരുന്നു. അതിന്റെ ചിത്രങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. എന്നാല്‍, അന്ന് പ്രതിപക്ഷം ആയിരിക്കെ വെറുതെ എതിര്‍ക്കുകയും ഇന്ന് ഭരണപക്ഷത്തിരുന്ന് വിഴിഞ്ഞം വികസനത്തിന് നേതൃത്വം വഹിക്കുകയും ചെയ്ത ഇരട്ടത്താപ്പെിന്റെ കഥയാണ് തുറമുഖ പദ്ധതിക്ക് പറയാനുള്ളത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതിക്ക് ആദ്യം തുടക്കമാകുന്നത്. പ്രതീക്ഷിച്ചതുപോലെ തന്നെ പ്രതിപക്ഷത്തിരിക്കുന്ന ഇടതു പാര്‍ട്ടി അന്ന് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. 2016 ല്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം ഭരണത്തില്‍ വന്നപ്പോള്‍ വിഴിഞ്ഞം അഴിമതി അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍, 2017ല്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന് നായര്‍ 2018 ഡിസംബറില്‍ റിപ്പോര്‍ട്ട് നല്കിയപ്പോള് ഒരു അഴിമതിയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിലും തൃപ്തനാകാതിരുന്ന പിണറായി നിലപാട് കടുപിക്കുമെന്നും അദാനി ഗ്രൂപ്പിനെ പദ്ധതിയില്‍ നിന്നും പിന്‍വലിക്കുമെന്നും വാര്‍ത്തകള്‍ ഒക്കെ വന്നിരുന്നു. എന്നാല്‍ അതൊന്നും ഉണ്ടായില്ല.
അവസാനം വര്‍ഷങ്ങളായുള്ള സംസ്ഥാനത്തിന്റെ വികസന സ്വപ്നം പൂവണിഞ്ഞപ്പോള്‍ പദ്ധതിക്ക് തുടക്കമിട്ട ഉമ്മന്‍ചാണ്ടിയെ ഓര്‍മിച്ചതുമില്ല, അന്ന് എതിര്‍ത്ത പിണറായി വികസന വക്താവുമായി. എന്തൊരു വിരോധാഭാസമല്ലേ…