തലശ്ശേരിയില്‍ ബിജെപി ഓഫീസിന് മുന്നില്‍ പൈപ്പ് ബോംബ് പൊട്ടി; കുറ്റിക്കാട് വൃത്തിയാക്കുകയായിരുന്ന 3 പേര്‍ക്ക് പരിക്ക്

Jaihind Webdesk
Thursday, February 28, 2019

കണ്ണൂര്‍ തലശ്ശേരിയില്‍ ബിജെപി ഓഫീസിന് മുന്നിലെ കുറ്റിക്കാട്ടില്‍ ബോംബ് പൊട്ടി. സ്ഥലം വൃത്തിയാക്കുകയായിരുന്ന മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

ഇതര സംസ്ഥാന തൊഴിലാളികളായ പ്രവീണ്‍, സക്കീര്‍, റഫീക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. മറ്റ് രണ്ടുപേരുടെ കൈയ്ക്കും കാലിനുമാണ് പരിക്ക്. മൂന്ന് പേരെയും തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി സൂക്ഷിച്ച ബോംബുകളാണോ പൊട്ടിയതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

ഇതിലൊരാൾ ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടെ ഒരു ചാക്ക് എടുത്ത് മാറ്റുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് ദൃസാക്ഷികൾ പറഞ്ഞു. പരിക്കേറ്റ മൂന്നു പേരെയും തലശ്ശേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി.