കോട്ടയം: ഇന്ത്യാ മുന്നണിയുടെ ഭാഗമായ സിപിഐ വയനാട്ടിൽ എന്തിനാണ് സ്ഥാനാർത്ഥിയെ നിർത്തുന്നതെന്ന് മനസിലാകുന്നില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. സിപിഐയുടേത് ഹിമാലയന്‍ ബ്ലണ്ടർ എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍, നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം മിണ്ടാതിരുന്നത് സിപിഎം വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക് മറിഞ്ഞതിന് കാരണമാക്കിയെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
വയനാട്ടിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുമ്പോൾ ഇന്ത്യാ മുന്നണിയുടെ ഭാഗമായ സിപിഐ മത്സരിക്കുന്നത് എന്തിനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. അവർ കഴിഞ്ഞ തവണയും മത്സരിച്ചു, ഇത്തവണ വീണ്ടും മത്സരിച്ചാൽ അത് ഒരു വലിയ അബദ്ധമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഒരു തവണ പോലും നരേന്ദ്ര മോദിക്കെതിരെയോ ബിജെപിക്കെതിരെയോ ഒരക്ഷരം മിണ്ടിയില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെ കേസ് വരുമെന്ന് ഭയന്നിട്ടാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാതിരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനം കാരണം ബിജെപിക്ക് ലക്ഷക്കണക്കിന് സിപിഎം വോട്ടുകൾ ആണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരിനെതിരെ ജനവിരുദ്ധ വികാരം ഉണ്ടെന്നത് വ്യക്തമാകുമ്പോഴും അങ്ങനെയൊന്നും ഇല്ല എന്ന് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ജീർണിച്ച അവസ്ഥയിലാണ് സിപിഎം ഉള്ളത്. തുടർഭരണം സിപിഎമ്മിന് വിനയായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അധികാരത്തിന്‍റെ ആലസ്യം വർധിച്ചതാണ് സിപിഎമ്മിനെ ജീർണതയിലേക്ക് നയിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.