കൊച്ചി : പരസ്യങ്ങളെ മാത്രം ആശ്രയിക്കുന്ന ഗവൺമെന്‍റാണ് പിണറായി സർക്കാരെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരസ്യങ്ങളിലൂടെ ആളുകളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. ബാലശങ്കർ പുറത്തുവിട്ടത് അദ്ദേഹം ഉൾപ്പെട്ട ഒരുഭാഗം മാത്രമാണെന്നും കേരളം മുഴുവൻ ബി.ജെ.പിയും സി.പി.എമ്മും ഇത്തരം കൊടുക്കൽ വാങ്ങൽ ധാരണയിലാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പിറവത്തെ യുഡിഎഫ് സ്ഥാനാർത്ഥി അനൂബ് ജേക്കബിന്‍റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
ജനങ്ങളെ തമ്മിലടിപ്പിച്ച് അതിൽ നിന്നും ലാഭം നേടുന്ന രാഷ്ട്രീയമാണ് സി.പി.എമ്മും ബി.ജെ.പിയും കേരളത്തിൽ നടപ്പാക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ബാലശങ്കർ പുറത്തുവിട്ടത് അദ്ദേഹം ഉൾപ്പെട്ട ഒരു ഭാഗം മാത്രമാണ്. കേരളം മുഴുവൻ ബി.ജെ.പിയും സി.പി.എമ്മും ഇത്തരം കൊടുക്കൽ വാങ്ങൽ ധാരണയിലാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 1977 ലും 1989 ലും ജനസംഘത്തിനും ബി .ജെ.പിക്കും ഒപ്പം സി പി എം നിന്നതിന്‍റെ തനിയാവർത്തനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ഓർമ്മിപ്പിച്ചു.
അഞ്ച് ലക്ഷം പേർക്ക് പുതിയ റേഷൻ കാർഡുകളും പാവപ്പെട്ടവർക്ക് ഒരു രൂപ പോലും മുടക്കാതെ സൗജന്യ റേഷനും യുഡിഎഫ് സർക്കാർ അനുവദിച്ചു. കേവലം നൂറ് ദിവസങ്ങൾക്കുള്ളിലാണ് ടി.എം ജേക്കബ് ഇത് നടപ്പാക്കിയതെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി തന്‍റെ ശാരീരിക വിഷമതകൾ സഹിച്ചാണ് ടി.എം ജേക്കബ് ഇത്രയും നന്നായി പ്രവർത്തിച്ചതെന്നും ഓർത്തെടുത്തു. പരസ്യങ്ങളെ മാത്രം ആശ്രയിക്കുന്ന ഗവൺമെന്‍റാണ് പിണറായി സർക്കാരെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. അനൂപ് ജേക്കബ് പിറവത്തിന്‍റെ പ്രതിനിധിയായി യു.ഡി.എഫിന്‍റെ മന്ത്രിയായി നിയമസഭയിൽ ഉണ്ടാകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.