ലൈഫില്‍ ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി ; പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത് ധാരണാപത്രമല്ല, രേഖകള്‍ പരസ്യപ്പെടുത്താന്‍ : വിചിത്ര വാദവുമായി പിണറായി

Jaihind News Bureau
Wednesday, September 23, 2020

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും ലൈഫ് പദ്ധതിയിലെ ധാരണാപത്രം നല്‍കാത്തത് ചൂണ്ടിക്കാട്ടിയപ്പോള്‍ വ്യക്തമായ മറുപടിയില്ലാതെ വിചിത്ര വാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത് ധാരണാപത്രം അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കണം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആവശ്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ധാരണാപത്രം നല്‍കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ നിരന്തരമായ ആവശ്യം സർക്കാർ പാലിക്കാത്തതിനെ തുടർന്ന് ലൈഫിലെ ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രമേശ് ചെന്നിത്തല രാജി വെച്ചിരുന്നു. മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ഒന്നര മാസം കഴിഞ്ഞിട്ടും എം.ഒ.യു നല്‍കാന്‍ സർക്കാര്‍ തയാറായിരുന്നില്ല. അഴിമതി പുറത്താകുമെന്നതിനാലാണ് സർക്കാർ ഇതിന് തയാറാകാത്തത് എന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എം.ഒ.യുവിന്‍റെ കോപ്പി നല്‍കാത്ത സർക്കാരിന്‍റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രമേശ് ചെന്നിത്തല പ്രത്യേക ക്ഷണിതാവ് സ്ഥാനം ഒഴിഞ്ഞത്. ഇതെല്ലാം വ്യക്തമായി മുന്നിലുള്ളപ്പോഴാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി വസ്തുതാവിരുദ്ധമായ മറുപടി പറഞ്ഞ് തടിതപ്പിയത്.

ലൈഫ്മിഷനിൽ വിജിലൻസ് അന്വേഷണം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും ക്ഷോഭിക്കുകയായിരുന്നു മുഖ്യമന്ത്രി. അസംബന്ധമായ ചോദ്യങ്ങൾ ചോദിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.