PINARAYI VIJAYAN GULF TOUR| പിണറായി വിജയന്‍റെ മൂന്നാംഘട്ട ഗള്‍ഫ് പര്യടനം ഖത്തറില്‍; വീണ്ടും ബഹിഷ്‌കരിച്ച് പ്രവാസി സംഘടനകള്‍

Jaihind News Bureau
Wednesday, October 29, 2025

ദോഹ : രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മൂന്നാംഘട്ട ഗള്‍ഫ് സന്ദര്‍ശനം ഇനി ഖത്തറിലേക്ക്. ഒക്ടോബര്‍ 30 ന് വ്യാഴാഴ്ച പിണറായി ഖത്തറിലെത്തും. അതേസയം, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളില്‍, പ്രവാസികള്‍ക്കായി ഒരു ആശ്വാസ പദ്ധതികളും പ്രഖ്യാപിക്കാത്തതില്‍ വിമര്‍ശനം വ്യാപകമാണ്.

പിണറായി വിജയന്‍റെ മൂന്നാംഘട്ട ഗള്‍ഫ് സന്ദര്‍ശനമാണിത്. ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയില്‍ എത്തുന്ന മുഖ്യമന്ത്രിയെ, ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയുടെയും ലോക കേരള സംഭാംഗങ്ങളുടെയും വിവിധ പ്രവാസി സംഘടകളുമായും നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് വൈകുന്നേരം ആറിന് ദോഹ അബു ഹമൂറിലെ ഐഡിയില്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും..സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് , ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ , പ്രമുഖ വ്യവസായി എം. എ. യൂസഫലി തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും. കേരളീയ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറും. ഖത്തറിലെ പ്രവാസി സംഘടനാ പ്രതിനിധികള്‍, മലയാളി വ്യവസായികള്‍ എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഖത്തര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഒരുക്കുന്ന വിരുന്നിലും മുഖ്യമന്ത്രി പങ്കെടുക്കും.

ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ഖത്തറില്‍ എത്തുന്നത്. അതേസമയം, പ്രവാസികള്‍ക്കായി ഒരു ആശ്വാസ പദ്ധതികളും പ്രഖ്യാപിക്കാത്തതില്‍ വിമര്‍ശനം രൂക്ഷമാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗള്‍ഫ് പര്യടനമാണ് ഇതെന്നാണ് പ്രവാസി സംഘടനകളുടെ പരാതി. അതേസമയം, ഖത്തറിലും മുഖ്യമന്ത്രിയുടെ ചടങ്ങുകള്‍, ഇന്‍കാസ് – ഒ ഐ സി സി, കെഎംസിസി ഉള്‍പ്പടെയുള്ള യുഡിഎഫ് സംഘടനകള്‍, ബഹിഷ്‌കരിക്കും. വൈകാതെ, കുവൈറ്റ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.

JAIHIND TV MIDDLE EAST BUREAU