ആർഎസ്എസ് ക്രിമിനലുകൾക്ക് പിണറായി വിജയന്‍റെ പോലീസ് ഒത്താശ ചെയ്യുന്നു: മാർട്ടിൻ ജോർജ്

Jaihind Webdesk
Tuesday, January 17, 2023

 

കണ്ണൂർ: പാനൂർ മേഖലയിൽ ആർഎസ്എസ് ക്രിമിനലുകളെ പിണറായി വിജയന്‍റെ പോലീസ് സംരക്ഷിക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ്. സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് പോലീസ് വേണ്ട ജാഗ്രത സ്വീകരിക്കാത്തതാണ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ.പി ഹാഷിമിന് നേരെയുണ്ടായ വധശ്രമമെന്ന് മാർട്ടിന്‍ ജോർജ് ആരോപിച്ചു.

തിങ്കളാഴ്ച രാത്രി പ്രദേശത്ത് ആർഎസ്എസ് ക്രിമിനലുകൾ അഴിഞ്ഞാടിയിട്ടും പോലീസ് ഒന്നും ചെയ്തില്ല. പന്ന്യനൂർ കുറുമ്പക്കാവ് ക്ഷേത്ര പരിസരത്ത് ആർഎസ്എസ് പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ അക്രമിക്കുകയും കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമം നടത്തിയ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് രാത്രി കൂടുതൽ അക്രമങ്ങളുണ്ടാകാൻ കാരണമെന്ന് മാർട്ടിന്‍ ജോർജ് ചൂണ്ടിക്കാട്ടി. പാനൂർ മേഖലയിൽ കോൺഗ്രസിന്‍റെ വളർച്ചയിലുള്ള അസഹിഷ്ണുതയാണ് ആർഎസ്എസിനെ അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ക്രിമിനൽ സംഘങ്ങൾ സ്വർണ്ണക്കടത്തും ലഹരി കടത്തും ഉൾപ്പെടെ മാഫിയാ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. ഇവരുടെ മാഫിയാ പ്രവർത്തനങ്ങളിൽ മനം മടുത്ത് കൂടുതൽ യുവാക്കൾ കോൺഗ്രസിലേക്ക് ആകൃഷ്ടരായിരിക്കുകയാണ്. ഈ പ്രദേശത്ത് കോൺഗ്രസിന്‍റെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം കൊടുക്കുന്ന ഹാഷിം സംഘപരിവാറിന്‍റെ കണ്ണിലെ കരടായിരുന്നു.

പാനൂർ മേഖലയിൽ അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയാറാകണമെന്ന് മാർട്ടിന്‍ ജോർജ് ആവശ്യപ്പെട്ടു. പോലീസിന്‍റെ അലംഭാവത്തിലും സംഘപരിവാറിന് തണൽ വിരിക്കുന്ന സിപിഎം ഭരണകൂട സമീപനത്തിലും ജനാധിപത്യവിശ്വാസികൾ ശക്തമായ പ്രതിഷേധം ഉയർത്തണം.  മാർട്ടിൻ ജോർജിനോടൊപ്പം നേതാക്കളായ വി സുരേന്ദ്രൻ മാസ്റ്റർ, ഹരിദാസ് മൊകേരി, സന്തോഷ് കണ്ണംവള്ളി, രമേശൻ മാസ്റ്റർ, പാനൂർ നഗരസഭാ ചെയർമാൻ നാസർ തുടങ്ങിയവർ അക്രമം നടന്ന സ്ഥലം സന്ദർശിച്ചു.