കമ്യൂണിസത്തെ പിണറായി വിജയന്‍ കേരള മണ്ണില്‍ കുഴിച്ചുമൂടും; ആർക്കും പ്രയോജനമില്ലാത്ത യാത്ര നടത്തുന്നത് സർക്കാരിന്‍റെ പരാജയം മറയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, December 19, 2023

 

മലപ്പുറം: കേരളത്തിലെ കമ്യൂണിസത്തെ പിണറായി വിജയൻ കേരള മണ്ണിൽ കുഴിച്ചുമൂടുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആർക്കും ഒരു പ്രയോജനമില്ലാത്ത യാത്രയാണ് മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. മലപ്പുറത്ത് അരീക്കോടും വണ്ടൂരും യുഡിഎഫിന്‍റെ ജനകീയ വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണം നിശ്ചലമായ കേരളത്തിൽ സർക്കാരിന്‍റെ പരാജയം മറച്ചുവെക്കാൻ വേണ്ടിയാണ് മന്ത്രിസഭ ജനസദസുമായി നാട് ചുറ്റുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരള ചരിത്രത്തിലെ പിടിപ്പുകെട്ട സർക്കാരുകളിൽ ഒന്നാം സ്ഥാനത്താണ് പിണറായി സർക്കാർ. ഈ സ്ഥിതി തുടർന്നാൽ കേരളത്തിലും ബംഗാൾ ആവർത്തിക്കും. ഇവിടുത്തെ കമ്യൂണിസത്തെ പിണറായി വിജയൻ കേരള മണ്ണിൽ കുഴിച്ചുമൂടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പാവങ്ങൾക്കുള്ള സാമൂഹിക സുരക്ഷാ പെൻഷൻ മാസങ്ങളായി മുടങ്ങിയിരിക്കുന്നു. സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പണമില്ല. സർക്കാർ ജീവനക്കാർക്ക് 6 ഗഡു ഡിഎ കുടിശികയും ശമ്പള പരിഷ്കരണത്തിന്‍റെ കുടിശികയും ഇതുവരെ നൽകിയിട്ടില്ല. കേരളം അഭിമാനിച്ചിരുന്ന പൊതുവിതരണ സംവിധാനം പൂർണ്ണമായും പരാജയപ്പെട്ടു. മാവേലി സ്റ്റോറുകളിൽ സബ്‌സിഡി സാധനങ്ങൾ ലഭ്യമല്ല. പാവപ്പെട്ടവർക്ക് വീട് വെച്ചു നൽകുന്ന ലൈഫ് ഭവന പദ്ധതി നിലച്ചിരിക്കുകയാണ്. ഇതൊന്നും നടപ്പാക്കാതെ രാഷ്ട്രീയ ലക്ഷ്യത്തിനാണ് ജനസദസെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അരീക്കോടും വണ്ടൂരും യുഡിഎഫിന്‍റെ ജനകീയ വിചാരണ സദസ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ എ.പി. അനിൽകുമാർ, പി.കെ. ബഷീർ, എന്‍. ഷംസുദ്ദീൻ, ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയ് തുടങ്ങിയവർ പങ്കെടുത്തു.