പുതുപ്പള്ളിയിലേത് പിണറായി സർക്കാരിനുമുള്ള വിധിയെഴുത്ത്; യുഡിഎഫിന് വന്‍ വിജയമുണ്ടായാല്‍ പരുങ്ങലിലാവുക സാക്ഷാല്‍ പിണറായി വിജയന്‍

Jaihind Webdesk
Tuesday, September 5, 2023

കോട്ടയം/പുതുപ്പള്ളി: പുതുപ്പള്ളിയിൽ യുഡിഎഫിന് വൻ വിജയമുണ്ടായാൽ അത് മുഖ്യമന്ത്രി പിണറായി വിജയനുള്ള താക്കീതായി മാറും. സർക്കാർ നയങ്ങൾക്കെതിരെ ഇതിനകം വിമർശനങ്ങളുമായി മുൻ മന്ത്രിമാർ അടക്കം രംഗത്തെത്തിക്കഴിഞ്ഞു. യുഡിഎഫിന് ലഭിക്കുന്ന വൻ വിജയം വ്യക്തിപരമായി പിണറായി വിജയനെയാവും കൂടുതൽ ബാധിക്കുക.

തൃക്കാക്കരയിൽ കണ്ട മുഖ്യമന്ത്രിയെയല്ല പുതുപ്പള്ളിയിൽ കണ്ടത്. പുതുപ്പള്ളിയിലേക്ക് വരാൻ മടിച്ച മുഖ്യമന്ത്രിയെ പുതുപ്പള്ളിയിലേക്ക് എത്തിച്ചത് പ്രതിപക്ഷത്തിന്‍റെ വിമർശനങ്ങളാണ്. കരിമണൽ കമ്പനിയിൽ നിന്നും മകൾ വീണ വാങ്ങിയ മാസപ്പടി, വിലക്കയറ്റം, സപ്ലൈകോയിൽ അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് നിരവധി ആരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയും സർക്കാരും ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി 8 കൺവൻഷനുകളിലാണ് പുതുപ്പള്ളിയിൽ പങ്കെടുത്തത് തൃക്കാക്കരയിൽ പറഞ്ഞ കെ റെയിൽ വികസനത്തെകുറിച്ച് പുതുപ്പള്ളിയിൽ മിണ്ടിയില്ല. സർക്കാറിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ധൂർത്തിനെക്കുറിച്ചും പ്രതിപക്ഷ നേതാവ് അടക്കം ചോദിച്ച ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകിയില്ല.

പുതുപ്പള്ളിയിൽ പ്രചാരണം തുടരുന്നതിനിടെ മാത്യു കുഴൽനാടൻ തെളിവുകൾ സഹിതം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇത്തരം വിവാദങ്ങളിൽ മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല. സർക്കാരിനെതിരെയുള്ള വിലയിരുത്തലിനേക്കാൾ കൂടുതൽ വീണാ വിജയനെതിരെ വന്ന അഴിമതി ആരോപണവും സാമ്പത്തിക ക്രമക്കേടുകളും പുതുപ്പള്ളിയിലെ വോട്ടർമാരെ സ്വാധീനിച്ചതായി പിണറായി വിജയന്‍റെ എതിർചേരിയിൽ ഉള്ളവർ ഉയർത്തിക്കാണിക്കുമെന്ന് ഉറപ്പാണ്. അതിനുള്ള സൂചനകളാണ് മന്ത്രി തോമസ് ഐസക്ക് നൽകുന്നത്. മുതിർന്ന നേതാവിന്‍റെ മകൾക്ക് മാസപ്പടി ഇനത്തിൽ മാത്രം കോടികൾ ലഭിച്ചു എന്നത് സിപിഎമ്മിലെ സാധാരണ പ്രവർത്തകർക്കിടയിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ടെന്ന് നേരത്തെ തന്നെ വിലയിരുത്തൽ ഉണ്ട്. പുതുപ്പള്ളിയിൽ യുഡിഎഫിന് ലഭിക്കുന്ന വിജയം അത് പിണറായി വിജയനും നിർണ്ണായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.