ഡല്‍ഹി: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി അകല്‍ച്ചയിലുള്ള ഇപി ജയരാജനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ രംഗത്ത് വന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇ.പി.ജയരാജന് കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. 15 മിനിറ്റോളം ഇരുവരും സംസാരിച്ചു.
മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും താമസിക്കാനുള്ള കൊച്ചിന് ഹൗസ് കെട്ടിടത്തിലേക്ക് തൊട്ടപ്പുറത്തെ കെട്ടിടത്തില്‍ താമസിക്കുകയായിരുന്ന ജയരാജന് എത്തുകയായിരുന്നു. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പാര്‍ട്ടി നേതാക്കളുമായി അകല്‍ച്ചയിലാണു ജയരാജന്. അതിനിടെയാണു കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം.
പഴയ വിശ്വസ്തനെ അനുനയിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് പിണറായി തന്നെ കൂടിക്കാഴ്ചക്ക് മുന്‍കൈയെടുത്തത്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റിയതില്‍ എതിര്‍പ്പുണ്ടെങ്കിലും അക്കാര്യം ഇതുവരെ തുറന്ന് പറയാന്‍ ഇപി തയ്യാറായിട്ടില്ല. മാധ്യമങ്ങള്‍ പലവട്ടം കാണാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി അച്ചടക്കം വിട്ട് ഇപി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.
”മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയാനാകില്ല. മാധ്യമങ്ങളെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയ്യും. യച്ചൂരിയെപ്പറ്റി ചോദിക്കൂ, അത് പറയാം. തെറ്റായുള്ള വ്യാഖ്യാനം വേണ്ട. നശീകരണ വാസനകളില്ലാതെ നിര്‍മാണ താല്പര്യത്തോടെ പ്രവര്‍ത്തിക്കണം. ഞാന്‍ മുഖ്യമന്ത്രിയെ കാണാറും സംസാരിക്കാറുമുണ്ട്. തിരുവനന്തപുരത്തുള്ളപ്പോള്‍ സമയം കിട്ടുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകാറുണ്ട്. ഞങ്ങളൊരു പാര്‍ട്ടി കുടുംബത്തിലെ അംഗങ്ങളാണ്. ഞങ്ങളെല്ലാം സ്നേഹവും ബഹുമാനവും ഉള്ളവരാണ്” ജയരാജന് പറഞ്ഞു.
അനുനയത്തിന് വഴങ്ങിയെന്നോ പാര്‍ട്ടിയെ തീരുമാനത്തെ എതിര്‍ക്കുമെന്നോ വ്യക്തമാക്കാതെയാണ് ഇപിയുടെ പ്രതികരണം. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിനാണ് ഇപിയെ ഇടതു കണ്‍വീനര്‍ സ്ഥാനത്ത് നിന്നും സിപിഎം നീക്കിയത്. എന്നാല്‍ അതിനു പിന്നാലെ മുഖ്യമന്ത്രിയുടെ വിശ്വസ്തനും ക്രമസമാധാനത്തിന്റെ ചുമതലയുളള എഡിജിപിയുമായ എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയ വിവരവും പുറത്തുവന്നത്. ഇപിക്കെതിരെ നടപടിയുണ്ടായെങ്കിലും അജിത്കുമാറിനെ ഇപ്പോഴും മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.