ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളോട് പിണറായി വിജയന്‍ മാപ്പ് പറയണം; വിഡി സതീശന്‍

Jaihind Webdesk
Wednesday, December 28, 2022

കൊച്ചി: ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളോട് പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു തെളിവും ഇല്ലെന്ന് പൊലീസ് മൂന്ന് തവണ കണ്ടെത്തിയിട്ടും വൈര്യനിര്യാതന ബുദ്ധിയോടെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ മനപൂര്‍വം അപമാനിക്കുന്നതിന് വേണ്ടിയാണ് സോളാര്‍ കേസ് പിണറായി വിജയന്‍ സി.ബി.ഐക്ക് വിട്ടത്. ഒരു തെളിവും ഇല്ലാത്ത കേസാണെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളോടും അവരുടെ കുടുംബത്തോടും പിണറായി വിജയന്‍ മാപ്പ് പറയണം. നേതാക്കളും അവരുടെ കുടുംബവും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആര് കണക്ക് പറയുമെന്നും വിഡി സതീശന്‍ ചോദിച്ചു.

രാഷ്ട്രീയ നേതാക്കളെ മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമം ഇനിയും ആവര്‍ത്തിക്കപ്പെടരുത്. പരാതിക്കാരി ആവശ്യപ്പെട്ടതു കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിച്ച മറ്റൊരു പരാതിക്കാരിയുണ്ടല്ലോ. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ട ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് അവരുടെ പരാതി മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തിന് വിടാത്തത്? ഇപ്പോള്‍ പിണറായി വിജയനോടും സി.പി.എമ്മിനോടും കാലം കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും വിഡി സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.