ഭീഷണിയും കണ്ണുരുട്ടലും വേണ്ട: എന്‍.എസ്.എസിനെതിരെ പരോക്ഷവിമര്‍ശനവുമായി പിണറായി

Jaihind Webdesk
Wednesday, December 19, 2018

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാാലകൃഷ്ണന്റെ നിലപാടിനെ വിമര്‍ശിച്ച എന്‍എസ്എസിന് പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ ഭീഷണി ഉണ്ടാകുമെന്നും കണ്ണുരുട്ടലും ഭീഷണിയും വേണ്ടെന്നും ഇതൊന്നും കണ്ട് സര്‍ക്കാര്‍ ഭയപ്പെടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഞങ്ങള്‍ മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നവരല്ലെന്നും അതിന് ശ്രമിച്ചവര്‍ നിരാശരായ ചരിത്രമാണ് ഉള്ളതെന്ന് ഓര്‍ക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇന്ന് പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ന്യൂനപക്ഷദിനാചരണത്തിന്റെ സമാപനച്ചടങ്ങിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇത്തരത്തില്‍ പല തരത്തിലുള്ള ഭീഷണികളുമുണ്ടാകുമെന്നും അതൊക്കെ സര്‍ക്കാര്‍ മറികടക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ആദ്യം മുതല്‍ തന്നെ എന്‍.എസ്.എസ് രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് എല്ലാത്തിനും പിന്നിലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തുറന്നടിച്ചിരുന്നു.