വണ്ടിപ്പെരിയാറില്‍ ഒളിച്ചുകളിച്ച് മുഖ്യമന്ത്രി ; പ്രതി ഡിവൈഎഫ്ഐ നേതാവാണെന്ന വിവരം മറച്ച് മറുപടി

Tuesday, August 3, 2021

തിരുവനന്തപുരം : വണ്ടിപ്പെരിയാർ പീഡനക്കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവാണെന്ന വിവരം നിയമസഭയിൽ മറച്ചുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിക്ക് ഏതെങ്കിലും രാഷ്ടീയ സംഘടനയുമായി ബന്ധമുള്ളതായി അന്വേഷണത്തിൽ വെളിവായിട്ടില്ലെന്ന് എം.എൽ.എമാരായ പി.കെ ബഷീർ, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. കേസിൽ അറസ്റ്റിലായ അർജുൻ ഡിവൈഎഫ്ഐ പ്രാദേശിക നേതാവാണന്ന് വ്യക്തമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം അർജുൻ്റെ രാഷ്ട്രീയം എല്ലാവർക്കും അറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.

അതേസമയം ജൂണ്‍ മുപ്പതിനാണ് എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ വാഴക്കുല കെട്ടിയിടുന്ന കയറില്‍ ഷാളുപയോഗിച്ച് കുട്ടിയെ പ്രതിയായ അര്‍ജുന്‍(21) പീഡനത്തിനുശേഷം കെട്ടിത്തൂക്കിയത്. അസ്വാഭാവികമരണത്തിന് അന്നുതന്നെ കേസെടുത്തിരുന്നെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പീഡനവിവരം അറിയുന്നത്.

ആറുവയസ്സുകാരിയെ 2019 നവംബര്‍ മുതല്‍ അര്‍ജുന്‍ ലൈംഗികമായി ഉപയോഗിച്ചുവരുകയാണെന്നാണ് പോലീസിന് ലഭിച്ച മൊഴി. കുട്ടിയുടെ വീട്ടുകാരുമായുള്ള അടുത്ത ബന്ധം ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു. അര്‍ജുനാണ് കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോയിരുന്നത്. ദിവസവും കൂടിയ തുകയ്ക്ക് പലഹാരങ്ങളും വാങ്ങിനല്‍കിയിരുന്നു. കുട്ടിയുടെ ശരീരഭാഗങ്ങളില്‍ ഇടയ്ക്ക് ചില മാറ്റങ്ങള്‍ വീട്ടുകാര്‍ കണ്ടിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിച്ചില്ല. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തെല്ലാം അര്‍ജുന്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു.