മുഖ്യമന്ത്രി സ്ത്രീസുരക്ഷയ്‌ക്കൊപ്പമല്ല, ഇടപെടല്‍ വ്യക്തമായിട്ടും മന്ത്രിക്കൊപ്പം നിന്നു : പരാതിക്കാരി

Jaihind Webdesk
Wednesday, July 21, 2021

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കുണ്ടറയിലെ പരാതിക്കാരി. മുഖ്യമന്ത്രി സ്ത്രീസുരക്ഷയ്‌ക്കൊപ്പമല്ല. ഇടപെടല്‍ വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി നിന്നത് മന്ത്രിക്കൊപ്പം. മന്ത്രിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിശ്വസിച്ചു. എന്നാല്‍ അതുണ്ടായില്ല. ശശീന്ദ്രനെതിരെ നിയമപരമായി നീങ്ങും. എന്തുവേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.

ശശീന്ദ്രനെതിരായ പരാതി സിപിഎം വിശദമായി ചര്‍ച്ചചെയ്തില്ലെന്ന് എ.വിജയരാഘവന്‍. മന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും. വിശദാംശങ്ങള്‍ മുന്നിലില്ലെന്നും വിജയരാഘവന്റെ വിചിത്രനിലപാട്.

അതേസമയം ഫോണ്‍വിളി വിവാദത്തില്‍ ശശീന്ദ്രന്‍ രാജിവയ്ക്കേണ്ടെന്ന് സിപിഎം നേതൃത്വം. മുഖ്യമന്ത്രിയും ശശീന്ദ്രനെ സംരക്ഷിച്ചു. ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നും എന്നാല്‍ ജാഗ്രതകുറവുണ്ടായെന്നുമാണ് എന്‍സിപി നിലപാട്. രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യന്ത്രിയോട് ശശീന്ദ്രന്‍ നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.

വിഷയത്തില്‍ ശശീന്ദ്രനെ ന്യായീകരിച്ചായിരുന്നു എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുടെ പ്രതികരണം. മന്ത്രി പീഡനക്കേസില്‍ ഇടപെട്ടിട്ടില്ലെന്ന് ചാക്കോ പറഞ്ഞു. ശശീന്ദ്രൻ വിഷയം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ല. മന്ത്രി ഇടപെട്ടത് പ്രാദേശിക പ്രശ്നത്തിന് പരിഹാരം കാണാനാണ്. ഇക്കാര്യം അദ്ദേഹം തന്നെ വിശദീകരിച്ചതാണെന്നും മന്ത്രിയോട് രാജി ആവശ്യപ്പെടേണ്ട സാഹചര്യമില്ലെന്നും പി.സി ചാക്കോ.