
കേരളം കണ്ടതില്‍ വെച്ച് ഏറ്റവും കളങ്കിതനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ എം പി. അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം നടത്തുമ്പോഴും, സംസ്ഥാനത്തെ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി കാണുന്നില്ല. മാത്രമല്ല, മുഖ്യമന്ത്രിക്ക് സ്വന്തം മക്കളെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തയില്ല എന്നും ജെബി മേത്തര്‍ ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കര്‍ഷക-തീരദേശ മേഖലകളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന അവഗണന എം.പി. എടുത്തുപറഞ്ഞു. ഈ മേഖലകള്‍ക്ക് യാതൊരു കൈത്താങ്ങും നല്‍കാത്ത സര്‍ക്കാരാണിത്. മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുകള്‍ അല്ലാതെ മറ്റൊന്നും നല്‍കുന്നില്ല. വിഴിഞ്ഞത്ത് തൊഴിലാളികള്‍ കോണ്‍ക്രീറ്റ് പാളികളിലാണ് കഴിയുന്നത്. കോടികള്‍ മുടക്കി നടത്തിയ മത്സ്യത്തൊഴിലാളി കോണ്‍ക്ലേവ് എന്തിനുവേണ്ടിയായിരുന്നു എന്നും അവര്‍ ചോദിച്ചു. കൂടാതെ, കടലില്‍ അപകടത്തില്‍പ്പെട്ട കപ്പല്‍ മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും എം.പി. ആരോപിച്ചു. കര്‍ഷകരുടെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍, അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. നെല്‍കര്‍ഷകരോട് കടം പറയുന്ന രീതി അവസാനിപ്പിക്കണമെന്നും, പ്രളയക്കെടുതിയില്‍പ്പെട്ട കുട്ടനാട് ഇന്നും മോചിതമായിട്ടില്ലെന്നും ജെബി മേത്തര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്ന നിലയിലാണെന്ന് ജെബി മേത്തര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തെ മാത്രം പ്രശ്‌നമല്ല, സംസ്ഥാനത്തെ പൊതുവായ അവസ്ഥയാണിത്. കെ.സി. വേണുഗോപാല്‍ എം.പി. 100 കോടി മുടക്കി നിര്‍മ്മിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ജീവനക്കാര്‍ പോലുമില്ലാത്തതിനാല്‍ അതൊരു റഫറല്‍ സെന്റര്‍ മാത്രമായി മാറിയെന്നും അവര്‍ വിമര്‍ശിച്ചു. ലഹരി മാഫിയ, സ്വര്‍ണ്ണക്കടത്ത്, ശബരിമലയിലെ സ്വര്‍ണ്ണം മോഷ്ടിക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദുരവസ്ഥയാണ് കേരളത്തിന് കാണിച്ചു തരുന്നത്. ജി. സുധാകരനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും പാര്‍ട്ടിയില്‍ നിലനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും, സുധാകരനെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ തന്നെയാണ് മുഖ്യമന്ത്രിക്ക് വാഴ്ത്തുപാട്ട് പാടുന്നതെന്നും അവര്‍ പറഞ്ഞു.
നിയമസഭയിലും പാര്‍ലമെന്റിലും കോണ്‍ഗ്രസ് പ്രതിനിധികള്‍ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ദുരിതങ്ങള്‍ വിവരിക്കുമ്പോള്‍, ഡീല്‍ ഉറപ്പിക്കാന്‍ മാത്രമാണ് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പറക്കുന്നത്. കേരളത്തിലെ അമ്മമാര്‍ ഉള്‍പ്പെടുന്ന സമൂഹം പിണറായി വിജയനെ താഴെയിറക്കാന്‍ ആഗ്രഹിക്കുന്നു എന്നും പ്രസ്താവന അവസാനിപ്പിച്ചുകൊണ്ട് ജെബി മേത്തര്‍ എം.പി. പറഞ്ഞു.