കേരളത്തിലെ സി.പി.എമ്മിനെ സംഘപരിവാര്‍ തൊഴുത്തില്‍ കൊണ്ടുകെട്ടിയ ആളാണ് പിണറായി വിജയന്‍; വി.ഡി.സതീശന്‍

Friday, October 25, 2024

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളത്തിലെ സി.പി.എമ്മിനെ സംഘപരിവാര്‍ തൊഴുത്തില്‍ കൊണ്ടുകെട്ടിയ ആളാണ് പിണറായി വിജയനെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള കേസുകളില്‍നിന്ന് കേന്ദ്ര ഏജന്‍സിയുടെ ശ്രദ്ധതിരിക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ സി.പി.എമ്മിനെ മോശം അവസ്ഥയിലാക്കിയെന്നും വി.ഡി.സതീശന്‍ പാലക്കാട് പറഞ്ഞു.

അതെസമയം രണ്ടാംതവണ അധികാരത്തില്‍ എത്തിയതിന് പിന്നാലെ മുഖ്യമന്ത്രി മസ്‌കറ്റ് ഹോട്ടലിലെത്തി ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി. ആര്‍.എസ്.എസ്. നേതാവിനെ കണ്ടത്. തൃശ്ശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ എ.ഡി.ജി.പിയെ ഉപയോഗിച്ച് മുഖ്യമന്ത്രി ഗൂഢാലോചന നടത്തി. കോണ്‍ഗ്രസ് വര്‍ഗീയതയുമായി സന്ധിചെയ്യുന്ന പ്രസ്താനമല്ലെന്നും സംസ്ഥാനത്തും കേന്ദ്രത്തിലും ഒരുപോലെ ബിജെപി യെ എതിര്‍ത്ത് നില്‍ക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ പാര്‍ട്ടിയുടെ മന്ത്രി വരെ പിണറായി മന്ത്രി സഭയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു.